സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം

സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി: ഹാഥ്രസിലെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയില്‍ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം. അസുഖബാധിതയായ അമ്മയെ സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചത്.

യുപി പോലീസ് സുരക്ഷയില്‍ സിദ്ദിഖ് കാപ്പനെ കേരളത്തിലെത്തിക്കണമെന്നും അമ്മയെ സന്ദര്‍ശിക്കാന്‍ മാത്രമാണ് ജാമ്യം അനുവദിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദേ അറിയിച്ചു. പോലീസ് സുരക്ഷയിലാണ് വീട്ടിലെത്തിക്കുന്നതെങ്കിലും അമ്മയുമായി സംസാരിക്കുമ്പോള്‍ പോലീസ് സാന്നിധ്യം ഉണ്ടാകാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജാമ്യ കാലയളവില്‍ മാധ്യമങ്ങളോടു സംസാരിക്കാനോ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനം നടത്താനോ പാടില്ലെന്ന് സുപ്രീം കോടതി സിദ്ദിഖ് കാപ്പനോട് നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും ഡോക്ടര്‍മാരെയും അല്ലാതെ മറ്റാരെയും കാണരുതെന്നും കോടതി നിര്‍ദേശിച്ചു.

ഹാഥ്രസില്‍ അതിക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പോയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും ജയിലില്‍ തന്നെ തുടരുകായയിരുന്നു കാപ്പന്‍.
ഇതിനിടെ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തിരുന്നു. കാപ്പനു പുറമെ ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതിക്കൂര്‍ റഹ്മാന്‍, പിഎഫ് ഐ മസൂദ് അദമ്മദ്, എംഡി ആലം, കെ എ ഷെരീഫ് എന്നിവര്‍ക്കെതിരെയായണ് കേസെടുത്തത്. ഇതുസംബന്ധിച്ച് ലഖ്‌നൗവിലെ പ്രത്യേക കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.

 

Sharing is caring!