ടിപ്പുസുല്‍ത്താന്‍ റോഡ് തീരദേശ ഹൈവേ ആയി ഉയർത്തുന്നു; നിർമാണ ഉദ്ഘാടനം നടന്നു

ടിപ്പുസുല്‍ത്താന്‍ റോഡ് തീരദേശ ഹൈവേ ആയി ഉയർത്തുന്നു; നിർമാണ ഉദ്ഘാടനം നടന്നു

താനൂർ: പുതിയ കാലം പുതിയ നിര്‍മാണം എന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശ പാതയിലെ മലപ്പുറം ജില്ലയിലെ മുഹിയുദ്ധീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുളള ടിപ്പുസുല്‍ത്താന്‍ റോഡ് തീരദേശ ഹൈവേയായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഗതാഗത സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മികച്ച പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ അധ്യക്ഷനായി. ദേശീയപാത ഉത്തര മേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ എ.മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.ടി അക്ബര്‍, എം.അനില്‍കുമാര്‍, വി.പി ശശികുമാര്‍, എസ്.ജനചന്ദ്രന്‍, ഹംസു മേപ്പുറത്ത്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ.മുഹമ്മദ് ഇസ്മയില്‍, പ്രിന്‍സ് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 കോടി ചെലവിലാണ് മുഹിയുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെ തീരദേശപാതയുടെ പ്രവൃത്തി. 10 മീറ്റര്‍ വീതിയില്‍ റോഡും 2 മീറ്റര്‍ വീതിയില്‍ സൈക്കിള്‍ പാതയും ഇരുവശങ്ങളിലുമായി നടപാതയും വിഭാവനം ചെയ്തിട്ടുണ്ട്. താനൂര്‍ മണ്ഡലത്തിനെയും പരപ്പനങ്ങാടിയുമായി ബന്ധിപ്പിക്കുന്ന കെട്ടുങ്ങല്‍ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാകും. ഇതോടെ കാലങ്ങളായുള്ള യാത്രക്ലേശം പരിഹരിക്കാനാവും. കെട്ടുങ്ങല്‍ പാലത്തിന്റെ അപ്രോച്ച് റോഡുകളില്‍ സുരക്ഷാ ഭിത്തി നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Sharing is caring!