പ്രവാസികളുടെ രക്ഷക്ക് ഇന്ത്യ ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണം: ഇ.ടി

പ്രവാസികളുടെ രക്ഷക്ക് ഇന്ത്യ ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണം: ഇ.ടി

മലപ്പുറം: കോവിഡ് രണ്ടാം ഘട്ടത്തില്‍ പെട്ടെന്നുള്ള യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ഒട്ടേറെ ഇന്ത്യക്കാര്‍ വിശിഷ്യാ മലയാളികള്‍ ദുബായില്‍ കുടുങ്ങികിടക്കുകയാണെന്നും അവരുടെ രക്ഷക്ക് ഇന്ത്യ ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ. ടി . ദുബായില്‍ എത്തിയതിന് ശേഷം പതിനാല് ദിവസം ക്വാറന്റയിനില്‍ കഴിഞ്ഞ് പോകാന്‍ കഴിയാത്തവരും പുതിയ നിയന്ത്രണങ്ങള്‍ വന്നതിന്റെ ഫലമായി അവിടെ നിന്ന് വിടാന്‍ പറ്റാത്തവരുമായ ആളുകള്‍ വലിയ തോതിലുള്ള പ്രയാസങ്ങള്‍ അനുഭവിച്ച് വരികയാണ്. അവരെ രക്ഷപ്പെടുത്തിയെടുക്കാനുള്ള സത്വര നടപടികള്‍ക്ക് ഇന്ത്യ പ്രാമുഖ്യം കൊടുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

2021 ലെ സെന്‍സസില്‍ ഒ.ബി.സിക്ക് പ്രത്യേകമായ സര്‍െവ്വ നടത്തണമെന്നും ഇ.ടി. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 2011 ല്‍ കാസ്റ്റ് സെന്‍സസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് ശീത സംഭരണിയില്‍ വെക്കുകയാണുണ്ടായത്. സാമൂഹിക നീതി ഉറപ്പുവരുത്തുന്ന കാര്യത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇത്തരത്തിലുള്ള നടപടി വളരെ പ്രയോജനം ചെയ്യുമെന്ന് എം.പി ചൂണ്ടിക്കാണിച്ചു.

ജനങ്ങളെ തമ്മിലടിപ്പിക്കുകയും കൂടുതല്‍ കള്ളക്കേസുകള്‍ അവര്‍ക്ക് നേരെ ചുമത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായി നേരത്തെ ഇന്ത്യയില്‍ നടന്ന അതിശക്തമായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആളുകളെ തേടിപ്പിടിച്ച് അവരുടെ പേരില്‍ ശിക്ഷ നടപടികള്‍ എടുക്കുന്ന തിരക്കിലാണ് ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത് . രാജ്യദ്രോഹ കുറ്റം വരെ അവര്‍ക്ക് നേരെ ചുമത്തുന്നു. ഇല്ലാത്ത കള്ളക്കഥകള്‍ അവര്‍ക്ക് നേരെ പറഞ്ഞുണ്ടാക്കുന്നു. ആ വിധത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് ഇനിയൊരു സമരത്തില്‍ ഏര്‍പ്പെടുന്നവരെ കൂടി ഭയപ്പെടുത്തുന്ന സമീപനമാണ് ഇന്ന് എടുത്തുകൊണ്ടിരിക്കുന്നത്.

ഹത്രാസിലേക്കു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍പോയ സിദ്ദീഖ് കാപ്പന്‍ എന്ന മലയാളി മാധ്യമ പ്രവര്‍ത്തകനെ കൃത്രിമമായി പടച്ചുണ്ടാക്കിയ കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തിന് നീതി ലഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വളര്‍ച്ചയേയും വികാസത്തേയും വ്യക്തമായി പറഞ്ഞുകൊണ്ടുള്ളതല്ല രാഷ്ട്രപതിയുടെ പ്രസംഗം മറിച്ച് വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റില്‍ കാണുന്ന കുറെ കാര്യങ്ങള്‍ ആവര്‍ത്തിച്ച് വായിക്കുക മാത്രമാണ് ചെയ്തത് . ഇന്ത്യ യോജിച്ച് നിന്നപ്പോള്‍ സാധിക്കുമെന്ന് വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പോലും സാധിക്കാന്‍ കഴിഞ്ഞുവെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പറയുന്നുണ്ടെങ്കിലും ആ വര്‍ത്തമാനവും ഇന്നെത്തെ സര്‍ക്കാറിന്റെ കര്‍മ്മവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് എം പി ചൂണ്ടിക്കാണിച്ചു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഒരു സര്‍ക്കാറിന് ഇത്തരത്തിലുള്ള ഒരു മന്ത്രം ഉച്ചരിക്കുവാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക ചരിത്രത്തില്‍ ഉന്നതമായ സ്ഥാനം, മത സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും വിശാലമനസ്‌കതക്കുമുള്ള സ്ഥാനം ഇന്ത്യക്കുണ്ടായിരുന്നു. ഇന്ന് ഈ രാജ്യം മനുഷ്യവകാശ ധ്വംസനങ്ങളുടെയും വിദ്വേശ പ്രസംഗത്തിന്റെയും പ്രാന്തവത്ക്കരിക്കപ്പെടുന്നവരെ കൂടുതല്‍ ദ്രോഹിക്കുന്ന നടപടിയുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത. ഈ സഭയില്‍ യു പി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ചില അംഗങ്ങള്‍ സംസാരിക്കുകയുണ്ടായി. എന്നാല്‍ അവര്‍ അവിടെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് നേരെ മൗനം ദീക്ഷിക്കുകയാണ്. ഇതാണ് ഏറ്റവും കുറ്റകരവും അപലപനീയവുമായ ഒരു നടപടി.

ഫെഡറലിസത്തെ സംബന്ധിച്ച് സര്‍ക്കാര്‍ വാചാലമാവുന്നുണ്ട്. നിങ്ങള്‍ക്ക് ഫെഡറല്‍ സംവിധാനം പുലര്‍ത്തിക്കാണുവാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. നമുക്കൊരു നല്ല കാലമുണ്ടായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമയത്ത് ഇന്ത്യക്ക് സ്വയംപര്യാപ്തതയുടെ മാര്‍ഗത്തിലേക്ക് പോകാനുള്ള ശക്തമായ അടിത്തറ പാകുന്ന ജോലിയായിരുന്നു നില നിന്നിരുന്നത്. ഹരിത വിപ്ലവവും, ഭക്ഷ്യ സുരക്ഷയുമെല്ലാം അതിന്റെ ഭാഗമായുണ്ടായ കാര്യമാണ്.

ലോകത്തെ സമ്പന്ന രാജ്യങ്ങള്‍ക്ക് അവര്‍ക്ക് വേണ്ടാത്തത് മുഴുവനും ഇടിച്ച് തള്ളാനുള്ള ഒരു മാര്‍ക്കറ്റായി ഇന്ത്യയുടെ മണ്ണിനെ അവര്‍ ഉപയോഗിച്ചുരുന്ന ഒരു ചീത്ത കാലമുണ്ടായിരുന്നു. ആ ചരിത്രത്തെ മാറ്റിക്കുറിച്ചത് അന്നത്തെ ഗവണ്‍മെന്റാണെങ്കില്‍ ഇന്ന് ഈ സര്‍ക്കാര്‍ ചരിത്രത്തെ തന്നെ തകിടം മറിക്കുകയാണ്. രാജ്യത്തിന്റെ പൊതു സ്വത്ത് വില്‍ക്കാന്‍ വെച്ചിരിക്കുകയാണ് . രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ശരശയ്യയിലാണ്. ബഹുരാഷ്ട്ര കുത്തകകളുടെ ദയാദാക്ഷിണ്യത്തിന് മുമ്പില്‍ ഇന്ത്യ നില്‍ക്കുകയാണ്. നെഹ്രുവിന്റെ കാലഘട്ടത്തെ സമ്മിശ്ര സമ്പത് ഘടനയെ കുറിച്ച് താഴ്ത്തി സംസാരിക്കുമായിരിക്കാം, പക്ഷെ ആ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കാന്‍ ഈ സര്‍ക്കാരിന് ആവില്ല. പൊതുമേഖല സ്ഥപനങ്ങള്‍ക്ക് അഭിമാനകരമായ ഒരു കാലമാണ് അന്നുണ്ടായിരുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ വിറ്റഴിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഫെഡറലിസത്തെ കുറിച്ച് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ദീര്‍ഘമായി പറഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാരിന് ഒരിക്കലും ഫെഡറലിസത്തിന്റെ സിദ്ധാന്തത്തില്‍ യോജിച്ച് നില്‍ക്കാന്‍ കഴിയില്ല. ഇവിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രീണിപ്പിക്കുകയും അല്ലാത്ത സംസ്ഥാനങ്ങളെ ക്രൂരമായി ദ്രോഹിക്കുകയും ചെയുന്ന സമീപനമാണുള്ളത്.
ഇത് ഫെഡറലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരാണെന്നും ഇ. ടി പറഞ്ഞു.

 

Sharing is caring!