മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്റെ ഇടപെടല്‍ വീണ്ടും ഫലം കണ്ടു

മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്റെ ഇടപെടല്‍ വീണ്ടും ഫലം കണ്ടു

മലപ്പുറം: നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കോട്ടപ്പടി മൈതാനം പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന വര്‍ഷങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി. സ്റ്റേഡിയം തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ്കാടേരി, വൈസ് ചെയര്‍പേഴ്സണ്‍ ഫൗസിയ കുഞ്ഞിപ്പു, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ.സക്കീര്‍ ഹുസൈന്‍, പി.കെ.അബ്ദുല്‍ ഹക്കീം, കൗണ്‍സിലര്‍മാരായ സി.സുരേഷ് മാസ്റ്റര്‍, സജീര്‍ കളപ്പാടന്‍ എന്നിവര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബി.ശ്രീകുമാറുമായി കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഗ്രൗണ്ട് തുറന്ന് നല്‍കാന്‍ തീരുമാനമായത്.പതിനൊന്ന് മാസം മുമ്പെ അടച്ചിട്ടിരുന്ന കോട്ടക്കുന്ന് പാര്‍ക്ക് നഗരസഭ ചെയര്‍മാന്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രഭാത സവാരിക്കാര്‍ക്കായി കഴിഞ്ഞ മാസം തുറന്ന് നല്‍കിയിരുന്നു. കഴിഞ്ഞ മാസം കൗണ്‍സില്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ നിശ്ചിത സമയം ഗ്രൗണ്ട് തുറക്കാനും, ഫുട്ബാള്‍ അക്കാദമി ആരംഭിക്കാനും തീരുമാനമായിരുന്നു.ഗ്രൗണ്ട് തുറന്ന് കൊടുക്കുന്നതിലൂടെ ഫുട്ബാള്‍ പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കും, പുതിയ തലമുറയിലെ കുട്ടികളെ ഫുട്ബാള്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും മികച്ച കളിക്കാരെ വാര്‍ത്തടുക്കുന്നതിനും ഇത് വഴിതെളിയും. ഗ്രൗണ്ട് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുന്നതിനോടനുബന്ധിച്ച് ഫിബ്രവരി 10ന് രാവിലെ 8 മണിക്ക് നഗരസഭ കൗണ്‍സില്‍ ടീമും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടീമും തമ്മിലുള്ള പ്രദര്‍ശന മല്‍സരവുമുണ്ടായിരിക്കും.

 

Sharing is caring!