മഞ്ചേരിക്കാരന്റെ ലക്ഷംതട്ടിയെടുത്ത മിസ്റ്റീരിയസ് ഹാക്കേഴ്സ് ഗ്രൂപ്പ് അഡ്മിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

മഞ്ചേരിക്കാരന്റെ ലക്ഷംതട്ടിയെടുത്ത മിസ്റ്റീരിയസ് ഹാക്കേഴ്സ് ഗ്രൂപ്പ് അഡ്മിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

മഞ്ചേരി : ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പ് അഡ്മിനെ മഞ്ചേരി പോലീസ് മഹാരാഷ്ട്രയിലെ നന്ദേദില്‍ നിന്നും അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസില്‍ മഹാരാഷ്ട്ര നന്ദേദ് സ്വദേശിയായ ഓംകാര്‍ സഞ്ചയ് ചതര്‍വാഡ് (20) നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബര്‍ മാസം പന്ത്രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത് സംബന്ധിച്ച മെസ്സേജുകള്‍ കണ്ട് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കിയതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കേസിലെ മറ്റു പ്രതികളായ താനെ ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈ ക്രിസ്റ്റഫര്‍ (20) എന്നിവരെ കഴിഞ്ഞ നവമ്പറില്‍ മഞ്ചേരി പോലീസ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.
വിവിധ ഫിഷിംഗ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് യൂസര്‍ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികള്‍ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങള്‍ നല്കി വസ്തുക്കള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തിയാണ് പ്രതികള്‍ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തില്‍ സമര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യുന്നത്. ഇതുകൂടാതെ ആമസോണ്‍, ഫളിപ്പ്കാര്‍ട്ട് പോലുള്ള ഇ-വാലറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകള്‍ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതര വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവര്‍ ഹാക്കിംഗ് നടത്തിവന്നിരുന്നത്. പോലീസ് സംഘം കഴിഞ്ഞ ഒരു മാസത്തോളമായി മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് താമസിച്ചുവരികയായിരുന്നു. ഹാക്കിംഗിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംഭര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് പ്രതികള്‍ അക്കൗണ്ടില്‍ നിന്നും പണം ഹാക്ക് ചെയ്യുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ച മെസ്സേജുകള്‍ ലഭിക്കുകയാണെങ്കില്‍ ഇരകള്‍ അത് അറിയരുതെന്നതിനാലാണ് പുലര്‍ച്ചെ സമയങ്ങള്‍ ഇവര്‍ തെരഞ്ഞെടുക്കുന്നതെന്നും പൊലിസ് പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ കെ. സല്‍മാന്‍, എം.പി. ലിജിന്‍, കെ.വി. ജുനൈസ് ബാബു എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Sharing is caring!