മലപ്പുറത്തെ ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ ജോലി ഇപ്പോഴും റബ്ബര്‍ ടാപ്പിങ്

മലപ്പുറത്തെ ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ ജോലി ഇപ്പോഴും റബ്ബര്‍ ടാപ്പിങ്

മലപ്പുറം: മലപ്പുറത്തെ ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ ജോലി ഇപ്പോഴും റബ്ബര്‍ ടാപ്പിങ് തന്നെ. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജനസേവനവും റബ്ബര്‍ ടാപ്പിംഗ് ഉപജീവനമാര്‍ഗവുമായാണ് താന്‍ കാണുന്നതെന്നും ഇദ്ദേം പറയുന്നു. കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് താളിക്കുഴി ഗോപിയാണ് ഈ മാതൃകാ ജനപ്രതിനിഖി. രാവിലെ അഞ്ചുമണി മുതല്‍ ഒന്‍പതു വരെ ഈ ജനപ്രതിനിധി കൂലിപ്പണിയുടെ തിരക്കിലാണ്. പഞ്ചായത്ത് പ്രസിഡന്റായിട്ടും തന്റെ സ്ഥിരം തൊഴിലായ റബ്ബര്‍ ടാപ്പിങിന് ഇദ്ദേഹം മുടക്കം വരുത്തിയിട്ടില്ല.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായുള്ള തന്റെ ഉപജീവനമാര്‍ഗമായ റബ്ബര്‍ ടാപ്പിങ് ഉപേക്ഷിക്കാന്‍ ഗോപി തയാറല്ല. മൂന്നു മക്കളെ പഠിപ്പിച്ച് ഡിഗ്രിക്കാരാക്കിയതും വീട് പണിതതും എല്ലാം ഈ തൊഴിലില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്. ടാപ്പിങ് സമയം കഴിഞ്ഞാല്‍ ഓട്ടോ ഓടിക്കാനും ഗോപി പോകുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായതോടെ ഓട്ടോയോടിക്കാന്‍ സമയമില്ല. വൈകുന്നേരം അഞ്ചുമണിക്കുശേഷം അത്യാവശ്യമായി ആരെങ്കിലും വിളിച്ചാല്‍ ഓട്ടം പോകുമെന്ന് ഗോപി പറയുന്നു.
പുലര്‍ച്ചെ നാലിന് തുടങ്ങുന്ന ജോലിയും പിന്നീടുള്ള ജനസേവനവും രാത്രിയെന്നോ പകലെന്നോയില്ലാതെ തുടരുകയാണ്. തിരക്ക് എത്ര വലുതാണെങ്കിലും രാവിലെ 10 മണിക്ക് പഞ്ചായത്തിലെ ഓഫീസില്‍ ഗോപി എത്തിയിരിക്കും. റബ്ബര്‍ തോട്ടത്തിലെ പണികളുടെ ചുമതലകളും ഉടമകള്‍ ഗോപിയെ പൂര്‍ണമായും ഏല്‍പ്പിച്ചിരിക്കുകയാണ്. ജനസേവനത്തിനൊപ്പം തോട്ടത്തിന്റെ ഉത്തരവാദിത്തവും ഭംഗിയായി നിര്‍വഹിക്കുകയാണ് ഈ മധ്യവയസ്‌കന്‍.
1991 ല്‍ മമ്പാട് കോളേജില്‍ പഠിക്കുമ്പോള്‍ എംഎസ്എഫില്‍ പ്രവര്‍ത്തിച്ച് പിന്നീട് സജീവ ലീഗ് പ്രവര്‍ത്തകനായി ഗോപി മാറുകയായിരുന്നു. പാണക്കാട് കുടുംബത്തെ പഠിച്ചതാണ് തന്നെ ലീഗിലേക്ക് എത്തിച്ചെതെന്ന് ഗോപി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ദളിത് ലീഗ് ജില്ലാ ട്രഷററാണ് ഗോപി. മുസ്ലീം ലീഗ് ടിക്കറ്റില്‍ അഞ്ചച്ചവിടി വാര്‍ഡില്‍ നിന്ന് വിജയിച്ചാണ് പ്രസിഡന്റ് പദവിയിലെത്തിയത്. മുന്‍പ് രണ്ട് തവണ ലീഗ് ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.

 

Sharing is caring!