ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്മാര്‍ പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു

ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്മാര്‍ പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു

മലപ്പുറം: ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്മാര്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ എത്തിയത്. കുന്ദംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി, കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഇ റിനോയിസ്, പി യു ഷാജന്‍, അഡ്വ. ഗില്‍ബര്‍ട്ട് ചീരാന്‍, ദില്‍ജോ ഡേവിഡ് പുലിക്കോട്ടില്‍ എന്നിവരടങ്ങുന്ന സംഘം പാണക്കാടെത്തിയത്. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുടങ്ങിയവരും പാണക്കാട്ടുണ്ടായിരുന്നു.
സൗഹൃദത്തിന്റെ ഭാഗമായാണ് പാണക്കാട് സന്ദര്‍ശിച്ചതെന്നും മേലധ്യക്ഷന്മാര്‍ പറഞ്ഞു. പ്രളയ സമയങ്ങളില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കിന്മേല്‍ നിരവധിപേര്‍ ഞങ്ങളുടെ പ്രദേശങ്ങളില്‍ എത്തിയിരുന്നു. അതിന് നന്ദി പറയാന്‍ കൂടിയാണ് പാണക്കാട് എത്തിയത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എല്ലാ മത-സാമുദായിക സംഘടനകളോടും നല്ല ബന്ധമാണ്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും സഭാ നേതാക്കള്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മത വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത്ത ഉണ്ടാക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. അതേസമയം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിന്റെ പിന്തുണ ഉറപ്പാക്കുന്നതിനാണ് ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ പാണക്കാട് എത്തിയതെന്നാണ് സൂചന.

 

Sharing is caring!