ലീഗിന്റെത് രാഷ്ട്രീയ ദുഷ്ടലാക്ക്: സി.പി.എം

ലീഗിന്റെത് രാഷ്ട്രീയ ദുഷ്ടലാക്ക്: സി.പി.എം

മലപ്പുറം: പാണ്ടിക്കാടിനടുത്തുള്ള ഒറവുംപുറത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ആര്യാടന്‍ കുടുംബവും കിഴക്കും പറമ്പന്‍ കുടുംബവും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് ആര്യാടന്‍ സമീര്‍ കൊല്ലപ്പെട്ടത്. ജനുവരി നാലിന് മുസ്ലിംലീഗ് പ്രവര്‍ത്തകനായ കിഴക്കും പറമ്പന്‍ ആന്‍സിഫിനെ പ്രാദേശിക ലീഗ് നേതാവായ ആര്യാടന്‍ ബാവുട്ടി മര്‍ദ്ദിച്ച സംഭവമാണ് ഇപ്പോഴുണ്ടായ സംഘര്‍ഷത്തിന് തുടക്കം. സംഘര്‍ഷത്തില്‍ ഇരുഭാഗത്തും ലീഗ് പ്രവര്‍ത്തകരായിരുന്നു. ഇതിനു ശേഷവും നിരവധി തവണ കുടുംബങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്.
ബുധനാഴ്ച രാത്രി കുടുംബ വഴക്കിനിടെയാണ് സമീറിന് കുത്തേറ്റത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ കിഴക്കുംപറമ്പന്‍ മജീദാണ്. ഇത് മറച്ചുവെച്ച് സിപിഐ എം നടത്തിയ കൊലപാതകമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കൊലപാതകത്തെ ലീഗ് രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

 

Sharing is caring!