നിയമസഭയിലേക്കില്ലെങ്കില്‍ കെ.പി.എ മജീദ് രാജ്യസഭയിലേക്ക്

നിയമസഭയിലേക്കില്ലെങ്കില്‍ കെ.പി.എ മജീദ് രാജ്യസഭയിലേക്ക്

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ സ്ഥാനാര്‍ഥിയായ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ പരിഗണിക്കുന്നത് സംബന്ധിച്ചു ചര്‍ച്ച നടക്കുന്നതിനിടെ നിയമസഭയേക്കാള്‍ മജീദിന് ഉത്തമം രാജ്യസഭയാണെന്നും ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ നേതാവാണെങ്കിലും മജീദിന് പൊതുസമ്മതിവളരെ കുറവാണെന്നും ഇത് തിരിച്ചടിയാകുമെന്നും ഒരുകൂട്ടര്‍ ആരോപിക്കുന്നു. ഇതിനാല്‍ തന്നെ രാജ്യസഭ എം.പി സ്ഥാനങ്ങളുടെ കാലാവധി കഴിയുവാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുന്നതും നിലവിലെ മുസ്ലിംലീഗിന്റ രാജ്യസഭാ എം.പി. പി.വി. അബ്ദുല്‍ വഹാബ് സംസ്ഥാന രാഷ്ട്രീയത്തിലേക്കു വരുന്നതും ചൂണ്ടിക്കാട്ടിയാണ് മജീദിനെ ഇവിടേക്ക് പരിഗണിക്കണമെന്ന് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ മന്ത്രി സ്ഥാനം ഉറപ്പുള്ള മജീദ് ഇതിന് തെയ്യാറാകുമോയെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറത്ത് പി.ഉബൈദുള്ളക്ക് പകരം മജീദ് മത്സരിച്ചാല്‍ തീര്‍ച്ചയായും ഭൂരിപക്ഷം കുറയുമെന്ന കാര്യത്തില്‍ ലീഗ് നേതാക്കള്‍ക്കൊന്നും സംശയമില്ല. പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, മുസ്ലിംലീഗിന്റെ സാധാരണ പ്രവര്‍ത്തകരിലും വലിയൊരു വിഭാഗത്തിന് മജീദിനോട് തീരെ താല്‍പര്യമില്ല.
2004 ലെ മഞ്ചേരിയിലെ പരാജയത്തിനു ശേഷം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു മജീദ്. ഇതിനിടയില്‍ ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുള്ള ലോകസഭ ഉപതെരഞ്ഞെടുപ്പിലേക്കും, പിന്നീട് കുഞ്ഞാലിക്കുട്ടി നിയമസഭാ അംഗത്വം രാജിവെച്ച് ലോകസഭയിലേക്കു പോയപ്പോള്‍ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പിലുമെല്ലാം മജീദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനം മത്സര രംഗത്തേക്കുവന്നില്ല.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ജില്ല ജനറല്‍ സെക്രട്ടറിയായി ഏറെ കാലം പ്രവര്‍ത്തിച്ച ശേഷം കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

 

Sharing is caring!