മന്ത്രി സ്ഥാനം സ്വപ്നംകണ്ട് രാജ്യസഭ വിടാനൊരുങ്ങുന്ന വഹാബിന് തിരിച്ചടി

മന്ത്രി സ്ഥാനം സ്വപ്നംകണ്ട് രാജ്യസഭ വിടാനൊരുങ്ങുന്ന വഹാബിന് തിരിച്ചടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി.അബ്ദുല്‍ വഹാബിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വ്യാപക എതിര്‍പ്പ്. സ്വന്തംതട്ടകമായ നിലമ്പൂരില്‍പോലും മന്ത്രി സ്ഥാനം സ്വപ്നംകണ്ട് ഈ വര്‍ഷം കലാവധി തീരുന്ന രാജ്യസഭ എം.പി സ്ഥാനം വിട്ട് മത്സരിക്കാനെത്തുന്ന വഹാബിനെ അംഗീകരിക്കാത്തവരുണ്ട്. നിലവിലെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രാദേശിക നേതാവുമായിരുന്ന ഇസ്മായീല്‍ മൂത്തേടം ഉള്‍പ്പെടെ വഹാബിനെതിരെ പരാതിയുമായി നേരത്തെ നേതൃത്വത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തംതട്ടകത്തില്‍ ദേശീയ ട്രഷററുടെ വിശ്വസ്തരെ ഭാരവാഹി ചുമതലകളില്‍നിന്ന് നീക്കിയത്.

അതേ സമയം മഞ്ചേരിയോ, ഏറനാടോ മത്സരിക്കാന്‍ വഹാബ് പാണക്കാട് പിടിമുറിക്കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബിസിനസ്സ് കാരന്‍കൂടിയായ വഹാബ് നേരത്തെ രാജ്യസഭാ എം.പി സ്ഥാനത്തിനുവേണ്ടി പാര്‍ട്ടിക്കു കോടികള്‍ നല്‍കിയിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റുപോലും ലഭിക്കാതെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് വഹാബും ഒരുകൂട്ടം പ്രാദേശിക നേതാക്കള്‍ക്കുമെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വഹാബിന്റെ വിശ്വസ്തരെ ഭാരവാഹി ചുമതലകളില്‍നിന്ന് നീക്കിയത്. എംപിയുടെ അടുത്ത അനുയായികളെയാണ് ജില്ലാ നേതൃത്വം ഒഴിവാക്കിയത്. ലീഗ് മണ്ഡലം സെക്രട്ടറി മുജീബ് ദേവശേരി, മണ്ഡലം കമ്മിറ്റിയംഗം പി വി ഹംസ, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാഫി, ലീഗ് നിലമ്പൂര്‍ നഗരസഭാ ജോയിന്റ് സെക്രട്ടറി നിയാസ് മുതുകാട് എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. നാലുപേരും വഹാബിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണെന്നാണ് ആരോപണം. നാലുപേരും തെരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ലീഗ് ജില്ലാ കമ്മിറ്റി നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്ഥാനാര്‍ഥിത്വം ലഭിക്കാതെ വന്നതോടെ ഇവരുടെ നേതൃത്വത്തില്‍ ഉറച്ച സീറ്റുകളില്‍പോലും വലിയ കാലുവാരല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ലീഗ് ജില്ലാ നേതൃത്വം കണ്ടെത്തിയത്. എന്നാല്‍ ചിലര്‍ക്കെതിരെമാത്രം നടപടി സ്വീകരിച്ചത് പാര്‍ടിയില്‍ വിഭാഗീയത രൂക്ഷമാക്കിയിട്ടുണ്ട്. നേരത്തെ മുനിസിപ്പില്‍ കമ്മിറ്റി പിരിച്ചുവിട്ട് മുഖംരക്ഷിക്കാനുള്ള ശ്രമം ജില്ലാ നേതൃത്വം നടത്തിയിരുന്നു. പകരം ചുമതലയേറ്റ ലീഗ് ഭാരവാഹികള്‍ അടക്കം വിഭാഗീയ പ്രവര്‍ത്തനങ്ങളിലും തെരഞ്ഞെടുപ്പ് തോല്‍വിയിലും പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വഹാബ് പക്ഷക്കാര്‍ പറയുന്നത്. യു.ഡി.എഫിന്റെ കുത്തകയായിരുന്ന നിലമ്പൂര്‍ നഗരസഭ നഷ്ടപ്പെടുകയും ചെയ്തതിന് പിന്നില്‍ മുസ്ലിംലീഗ് ശേീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പിക്കെതിരെ നിലമ്പൂരിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരില്‍നിന്നും കലാപക്കൊടി ഉയര്‍ന്നിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പിണറായി സര്‍ക്കാരിനെ പിന്തുണച്ചതിന് വഹാബിനെ തള്ളിപ്പറഞ്ഞ നിലമ്പൂരിലെ ലീഗ് നേതൃത്വത്തിന് വഹാബ് നല്‍കിയ തിരിച്ചടിയായാണ് നിലമ്പൂര്‍ നഗരസഭയിലെ യു.ഡി.എഫിന്റെ പരാജയം എന്ന വിലയിരുത്തലാണ് ലീഗ് കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നിരുന്നത്.

പി.വി അന്‍വറിന്റെ താല്‍പര്യത്തിനു വേണ്ടി സ്വന്തം പാര്‍ട്ടിയെയും മുന്നണിയെയും വഞ്ചിച്ച വഹാബെന്ന് നിലമ്പൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഷറഫലിയുടെ ഫേബ് ബുക്ക് പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു.
പി.വി അബ്ദുല്‍വഹാബിന്റെ തട്ടകമായ നിലമ്പൂര്‍ നഗരസഭയില്‍ മത്സരിച്ച ഒറ്റ സീറ്റിലും വിജയിക്കാതെ മുസ്ലിം ലീഗിന് സമ്പൂര്‍ണ്ണ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.കഴിഞ്ഞ തവണ മത്സരിച്ച 9 സീറ്റുകളിലും വിജയിച്ച് നിലമ്പൂരില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് ലീഗായിരുന്നു. ഇത്തവണയും 9 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചിരുന്നത്.

പി.വി അബ്ദുല്‍വഹാബ് എം.പിയായിരുന്നു കഴിഞ്ഞകാലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ ലീഗ് പ്രചരണങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഒന്നിലും വഹാബ് ഇടപെട്ടിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ സമയത്ത് വഹാബ് ഗള്‍ഫിലും പിന്നെ കോവിഡ് ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ പേരിനായി മാത്രമാണ് അദ്ദേഹം പ്രചരണത്തിനിറങ്ങിയത്.

പ്രളയദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി ഇടതുസര്‍ക്കാരിനെ പ്രശംസിക്കുകയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ പൊതുവേദിയില്‍ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ലീഗ് നേതൃത്വം നേരത്തെ വഹാബിനോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടര്‍ന്ന് ലീഗ് നേതൃത്വവുമായി ഇടച്ചിലിലായിരുന്നു വഹാബ്.
കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന കഴിഞ്ഞ സെപ്തംബര്‍ 10ന് കവളപ്പാറയില്‍ നടന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുല്‍വഹാബ് ഇടത് അനുകൂല നിലപാടെടുത്തത്.

പ്രതിപക്ഷമെന്ന നിലയക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്ന് പരിഹസിക്കുകയും ചെയ്തു. വേദിയിലുള്ള മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക്കിനെ നോക്കിയാണ് ജാഫറിനോട് പറയുകയാണ് മജീദ് സാഹിബ് പറയുകയാണ് നാല് ലക്ഷം പോര 10 ലക്ഷം വേണം എന്നു പറഞ്ഞ് പരിഹസിച്ചത്. വേദിയിലുണ്ടായിരു മന്ത്രി കെ.ടി ജലീല്‍, പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ളവരെ സാക്ഷി നിര്‍ത്തിയായിരുന്നു ഈ ആക്ഷേപം. ലോട്ടറിടിക്കറ്റ് അടിച്ചാല്‍ പണം എപ്പോഴെങ്കിലുമാണ് കിട്ടുക. എന്നാല്‍ ഇപ്പോള്‍ പ്രളയദുരിതാശ്വാസത്തിനുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടിലിട്ടുകഴിഞ്ഞെന്നും അതിന്റെ പ്രൊസീഡിങ്‌സ് നടക്കുകയുമാണൊണ് വഹാബ് പ്രസംഗിച്ചത്. പ്രസംഗം വളച്ചൊടിച്ചതെന്നു പറഞ്ഞ് ആദ്യം ഇതു നിഷേധിച്ച വഹാബ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിലപാട് തിരുത്തി ഖേദപ്രകടനവുമായി രംഗത്തെത്തി.

എന്നാല്‍ പ്രശ്‌നം അടഞ്ഞ അധ്യായമായി അവസാനിപ്പിക്കാതെ വഹാബിന്റെ നിലപാടിനെതിരെ സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിനാണ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്. കവളപ്പാറയില്‍ നിന്നും മലപ്പുറത്തേക്ക് ലീഗ് ജില്ലാ കമ്മിറ്റി ലോങ് മാര്‍ച്ചും നടത്തി.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പി.വി അന്‍വര്‍ എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച റീബില്‍ഡ് നിലമ്പൂര്‍ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് വഹാബ്. റീബില്‍ഡ് നിലമ്പൂര്‍ കമ്മിറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെങ്കിലും സഹായവിതരണം ചെയ്തിരുന്നില്ല. റീബില്‍ഡ് നിലമ്പൂര്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ റിയല്‍ എസ്റ്റേറ്റ് കട്ടവടമാണെന്ന ഗുരുതരമായ ആരോപണം കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. സൗജന്യമായി ലഭിച്ച ഭൂമി സര്‍ക്കാരിനെകൊണ്ട് പണം നല്‍കി ഏറ്റെടുപ്പിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ സമ്മര്‍ദ്ദം ചെലുത്തുന്നതായി മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് തുറന്നടിച്ചിരുന്നു.
പ്രളയദുരിതാശ്വാസത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനും എം.എല്‍.എക്കുമെതിരെ കോണ്‍ഗ്രസും ലീഗും പ്രക്ഷോഭം തുടങ്ങിയിട്ടും പി.വി അന്‍വര്‍ എം.എല്‍.എ റീബില്‍ഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി വഹാബ് തുടരുകയായിരുന്നു.

കൈരളി ചാനലിന്റെ ഡയറക്ടറായിരുന്ന വഹാബ് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ലീഗ് നേതാവാണ്. 2015ല്‍ വഹാബിന് രാജ്യസഭാംഗത്വം നല്‍കുന്നതിനെതിരെ ലീഗില്‍ കലാപക്കൊടി ഉയര്‍ന്നിരുന്നു. വഹാബിനു പകരം കെ.പി.എ മജീദിനെയാണ് അന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ഉയര്‍ത്തികാട്ടിയത്. എന്നാല്‍ പിണറായിയുമായി ചര്‍ച്ച നടത്തി രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുപക്ഷത്തേക്ക് പോകുമെന്ന സന്ദേശം നല്‍കിയാണ് വഹാബ് രാജ്യസഭാ സീറ്റ് ഉറപ്പിച്ചത്.

2021ല്‍ രാജ്യസഭാ കാലാവധി കഴിയുന്ന വഹാബിന്റെ അടുത്തനോട്ടം നിയമസഭയിലേക്കാണ്. മന്ത്രി സ്ഥാനമാണ് വഹാബ് ലക്ഷ്യമിടുന്നത്. മുസ്ലിം ലീദ് ദേശീയ ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രി സ്ഥാനമാണ് ഉന്നംവെക്കുന്നത്.
അന്‍വര്‍ -വഹാബ് ഭായി ഭായി ബന്ധം നിലമ്പൂര്‍ നഗരസഭയില്‍ വിജയിച്ചപ്പോള്‍ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളില്‍ വിജയം കണ്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നിലമ്പൂര്‍ നഗരസഭയും ആറു പഞ്ചായത്തുംകളും ബ്ലോക്ക് പഞ്ചായത്തും പിടിക്കുമെന്നാണ് പി.വി അന്‍വര്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. എന്നാല്‍ ഇടതുപക്ഷം ഭരിച്ച വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു. നിലമ്പൂര്‍ നഗരസഭ യു.ഡി.എഫ് നിലനിര്‍ത്തുകയും ചെയ്തു. ഇടതുമുന്നണിക്ക് നേരത്തെയുണ്ടായിരുന്ന അമരമ്പലം, പോത്തുകല്‍ പഞ്ചായത്തിനു പുറമെ നിലമ്പൂര്‍ നഗരസഭ പിടിക്കാനായതാണ് നേട്ടം.

Sharing is caring!