ഫാത്തിമ തഹ്ലിയയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ വനിതാ ലീഗില്‍ എതിര്‍പ്പ്

മലപ്പുറം: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്ലിയയെ മുസ്ലിംലീഗിന്റെ നിയമസഭാ വനിതാ സ്ഥാനാര്‍ഥിയാക്കുന്നതില്‍ വനിതാലീഗില്‍ എതിര്‍പ്പ്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പവും നില്‍ക്കുന്ന വനിതാലീഗ് ഭാരവാഹികളെ പരിഗണിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിക്ക് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ച് പുറത്തുനിന്നുള്ളവരുടെ കയ്യടി നേടിയതല്ലാതെ ഫാത്തിമ തഹ്ലിയക്ക് മറ്റു പാരമ്പര്യമൊന്നുമില്ലെന്നാണ് വനിതാലീഗിലെ ചില മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അതേ സമയം തഹ്ലിയയെ സ്ഥനാര്‍ഥിയാക്കാന്‍ സമ്മര്‍ദംചെലുത്തുന്നതിന് പിന്നില്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണെന്ന ആരോപണവുംവനിതാ ലീഗിനും ചില മുസ്ലിംലീഗ് നേതാക്കള്‍ക്കുമണ്ട്.

പക്വതയില്ലാത്ത രാഷ്ട്രീയമാണ് ഫാത്തിമ തഹ്ലിയക്കുള്ളതെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളാകാന്‍ ശ്രമിക്കുയും കയ്യടി നേടാനും മാത്രമെ ഇവര്‍ക്കുകഴിയുവെന്നുമാണ് തഹ്ലിയയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്. തന്റെ പിതാവിനേക്കാള്‍ പ്രായമുള്ള മുഖ്യമന്ത്രി പിണറായി വിജയെ യാതൊരു ബഹുമാന്യതയുമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ അഭിസംബോധനചെയ്ത തഹ്ലിയയുടെ നിലപാട് ഒരു മുസ്ലിംലീഗ് വനിതക്കുചേര്‍ന്നതല്ലെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. ഇത്തവണ മുസ്ലിംലീഗില്‍നിന്നും ഒരു വനിതാനേതാവ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന ലഭിച്ചതോടെ നിരവധി വനിതാ ലീഗ് ഭാരവാഹികളാണ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്.

രണ്ട് വനിതാ സ്ഥാനാര്‍ഥികളെ പരിഗണിക്കുകയാണെങ്കില്‍ ഒരു സീറ്റ് എം.എസ്.എഫിലെ വനിതക്ക് നല്‍കണമെന്ന് ലീഗ് വനിതാവിദ്യാര്‍ഥി സംഘടനയായ ഹരിതയുടെ നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫാത്തിമ തഹ്ലിയ സ്വയം പി.ആര്‍ വര്‍ക്ക് നടത്തുന്നതായും വനിതാലീഗില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുസ്ലിം ലീഗില്‍നിന്നു നേരത്തെ ഖമറുന്നീസ അന്‍വര്‍ മാത്രമാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളത്. ഇവര്‍ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു ഫാത്തിമ തഹ്ലിയ.

ഇതിന് മുബ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ തഹ്ലിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുറമേ കോഴിക്കോട് ജില്ല കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നുണ്ട് . അതേമയം കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളില്‍ തഹ്ലിയയുടെ പോസ്റ്റുകളെല്ലാം വൈറലായായിരുന്നു. ഇതിനുപുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന രാജ്യാന്തര സെമിനാറുകളിലും അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ പങ്കെടുത്തിട്ടുണ്ട്.

 

Sharing is caring!