സ്പീക്കറുടെ പൊന്നാനി പിടിച്ചടക്കാന്‍ ലീഗ്

മലപ്പുറം: സ്പീക്കറുടെ മണ്ഡലമായ പൊന്നാനി തിരിച്ചുപിടിക്കാനൊരുങ്ങി യു.ഡി.എഫ്. സപീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെയുള്ള വിവിധ ആരോപണങ്ങളും മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നും യു.ഡി.എഫ് കണക്ക് കൂട്ടുന്നു. 2006 മുതല്‍ എല്‍ഡിഫാണ് പൊന്നാനി മണ്ഡലത്തില്‍ ജയിച്ചുകയറുന്നത്. പൊന്നാനി കോണ്‍ഗ്രസിന്റെ സീറ്റാണെങ്കിലും ഇക്കുറി മുസ്ലീം ലീഗിന് കൈമാറിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പകരം ലീഗ് മത്സരിച്ചിരുന്ന തൃശൂരിലെ ഗുരുവായൂര്‍ സീറ്റ് കോണ്‍ഗ്രസിനും നല്‍കിയേക്കും. മലപ്പുറത്തെ 16 മണ്ഡലങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് യുഡിഎഫ് നേതൃത്വം.

കഴിഞ്ഞ തവണ കൈവിട്ടു പോയ നാല് സീറ്റുകള്‍ ഇത്തവണ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇതിന്റെ ഭാഗമായാണ് പൊന്നാനിയും ഗുരുവായൂരും വെച്ചുമാറാന്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ഒരുങ്ങുന്നത്. 2011 മുതലാണ് നിലവിലെ എംഎല്‍എയായ പി ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍ മത്സരിക്കാന്‍ എത്തുന്നത്. 2011 ല്‍ 57,615 വോട്ടുകളാണ് പി ശ്രീരാമകൃഷ്ണന്‍ നേടിയത്. എതിര്‍ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് പി ടി അജയ് മോഹന് 53514 വോട്ടുകളും ലഭിച്ചു. എന്നാല്‍ 2016 ല്‍ വോട്ടുകളുടെ എണ്ണം 69332 ആയി ഉയര്‍ത്താന്‍ പി ശ്രീരാമകൃഷ്ണന് സാധിച്ചു. എതിരാളിയായ കോണ്‍ഗ്രസിന്റെ പി ടി അജയ് മോഹന്‍ 53692 വോട്ടുകളില്‍ ഒതുങ്ങി.

പൊന്നാനിയില്‍ ഇത്തവണയും പി ശ്രീരാമകൃഷ്ണന്‍ മത്സരിച്ചാല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം സീറ്റ് മുസ്ലീം ലീഗ് ഏറ്റെടുക്കുന്നതോടെ വാശിയേറിയ പോരാട്ടമായിരിക്കും പൊന്നാനിയില്‍ അരങ്ങേറുക. മണ്ഡലം വെച്ചുമാറാതെ കോണ്‍ഗ്രസ് തന്നെ വീണ്ടും മത്സര രംഗത്തെത്തുകയാണെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് പന്താവൂരിന് സീറ്റ് ലഭിച്ചേക്കും. രണ്ടുതവണ പരാജയപ്പെട്ട പി ടി അജയ് മോഹനെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് വീണ്ടും ഒരു പരീക്ഷണത്തിന് തയാറായേക്കില്ല. സീറ്റ് വെച്ചുമാറുകയാണെങ്കില്‍ പി ടി അജയ് മോഹന് ഗൂരുവായൂര്‍ സീറ്റ് ലഭിച്ചേക്കും. 2016 ല്‍ നഷ്ടപ്പെട്ട നാലു സീറ്റുകള്‍ എങ്ങനെയെങ്കിലും കൈക്കലാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

 

 

Sharing is caring!