പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുമോ?

പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുമോ?

മലപ്പുറം: യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന്‍ ഇത്തവണ മത്സരത്തിനുണ്ടാവുമോ എന്നത് രാഷ്ട്രീയ വൃത്തങ്ങളിലെ ചൂടേറിയ ചര്‍ച്ചയാണ്. അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മത്സരിക്കാനായി മാറുമെന്നും ഗഫൂര്‍ പി ലില്ലീസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി താനൂരില്‍ മത്സരിക്കാനെത്തുമെന്ന രീതിയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പികെ സിറ്റിംഗ് എം.എല്‍.എയായിരുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിയും പി.കെ ഫിറോസും അതുപോലെഎന്‍ ഷംസുദ്ദീനെയും ലീഗ് മണ്ഡലം പിടിച്ചെടുക്കാന്‍ പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ ഞെട്ടിച്ച ഒന്നായിരുന്നു താനൂരിലെ തോല്‍വി. മൂന്നാം തവണ മത്സരത്തിനിറങ്ങിയ സിറ്റിങ് എംഎല്‍എയും ലീഗിന്റെ പ്രമുഖ നേതാവും അബ്ദുറഹ്മാന്‍ രണ്ടത്താണിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാനാണ് പരാജയപ്പെട്ടത്.

4918 വോട്ടുകള്‍ക്കാണ് വി അബ്ദുറഹ്മാന്‍ വിജയിച്ചു കയറിയത്. മുന്നണി വോട്ടുകള്‍ക്ക് അപ്പുറത്ത് വ്യക്തി പ്രഭാവം കൊണ്ട് നേടിയ വോട്ടുകളാണ് വിജയം സമ്മാനിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അബ്ദുറഹ്മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയപ്പോള്‍ കോണ്‍ഗ്രസ് വോട്ടുകളും ഇടതുപക്ഷത്തേക്കെത്തി.

മുസ്ലിം ലീഗുമായി മണ്ഡലത്തിലെ പൊന്മുട്ടം, ചെറിയമുണ്ടം മേഖലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്ത അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഇവര്‍ യുഡിഎഫില്‍ നിന്ന് മാറി നിന്ന് പൊന്മുണ്ടം കോണ്‍ഗ്രസ് എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ മേഖലകളിലെ കോണ്‍ഗ്രസ് വോട്ടുകളെല്ലാം അബ്ദുറഹ്മാന് ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ പൊന്മുണ്ടം കോണ്‍ഗ്രസില്‍ ഇല്ല. അവരെല്ലാവരും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. ലീഗാവട്ടെ കഴിഞ്ഞ തവണ സംഭവിച്ചത് പോലെ വോട്ട് ചര്‍ച്ച ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് തിരൂര്‍ മണ്ഡലത്തിലേക്ക് അബ്ദുറഹ്മാന്‍ മാറുന്നു എന്ന ചര്‍ച്ചകള്‍ ഉണ്ടായിട്ടുള്ളത്. തിരൂര്‍ മണ്ഡലം പിടിച്ചടക്കാമെന്നാണ് അബ്ദുറഹ്മാന്റെ വിശ്വാസം.

അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയാല്‍ ഗഫൂര്‍ പി ലില്ലീസ് താനൂരില്‍ മത്സരിച്ചേക്കും. കഴിഞ്ഞ തവണ തിരൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നു ഗഫൂര്‍. 2011ല്‍ ലീഗ് നേടിയ 23566 വോട്ടിന്റെ ഭൂരിപക്ഷം 7061ലേക്ക് ഗഫൂര്‍ ചുരുക്കിയിരുന്നു. ഗഫൂര്‍ മത്സരിച്ചില്ലെങ്കില്‍ 2011ല്‍ മത്സരിച്ച സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍ തന്നെ മത്സരിച്ചേക്കും.

തങ്ങളുടെ ഉറച്ച മണ്ഡലമായിരുന്ന താനൂര്‍ തിരികെ പിടിക്കണം എന്ന ആലോചനയിലാണ് മുസ്ലിം ലീഗ്. പികെ ഫിറോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് താനൂര്‍ മണ്ഡലം യൂത്ത് ലീഗിന്റെ ആവശ്യം. എന്‍ ഷംസുദ്ദീന്റെയും മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെയും പേരുകള്‍ സജീവമായി തന്നെയുണ്ട്.

 

Sharing is caring!