ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ആഗ്രഹിക്കുന്നു: മന്ത്രി ജലീല്‍

മലപ്പുറം: ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ ടി ജലീല്‍. വ്യാപാരി വ്യവസായി സമിതി അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫിനെതിരെ മഹാസഖ്യമാണ് രൂപപ്പെട്ടത്. വന്‍കിട ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും ഒന്നിച്ചണിചേര്‍ന്നു. കുപ്രചാരണങ്ങളില്‍ എല്‍ഡിഎഫ് ഒലിച്ചുപോകുമെന്നാണ് എതിരാളികള്‍ കരുതിയത്. കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാനുള്ള വ്യാജ പ്രചാരവേലകള്‍ക്ക് ജനങ്ങള്‍ നല്‍കിയ ശക്തമായ മറുപടിയാണ് തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വിജയം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. 500 പേര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രതിമാസം ഒരുലക്ഷംവരെ നല്‍കാന്‍ പോകുകയാണ്. യുഡിഎഫ് ഭരണ കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയായിരുന്നെങ്കില്‍ എല്‍ഡിഎഫ് ഭരണത്തില്‍ അഞ്ച് വര്‍ഷംകൊണ്ട് ആറരലക്ഷം കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് തിരിച്ചെത്തിയത്- ജലീല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിന്‍, ജോയിന്റ് സെക്രട്ടറി സീനത്ത് ഇസ്മായില്‍, പി സുനില്‍കുമാര്‍, യു പി പുരുഷോത്തമന്‍, എം നിസാറലി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ സ്വാഗതവും കാസിം വാടി നന്ദിയും പറഞ്ഞു.

 

Sharing is caring!