താനൂരിലെ നാട്ടുകാരെ വിറപ്പിച്ച പെരുങ്കള്ളന്‍ അവസാനം പിടിയില്‍

താനൂരിലെ നാട്ടുകാരെ വിറപ്പിച്ച പെരുങ്കള്ളന്‍ അവസാനം പിടിയില്‍

മലപ്പുറം: താനൂരില്‍ നാട്ടുകാരെ ഭീതിയിലാക്കിയ പെരുങ്കള്ളനെ അവസാനം പോലീസ് ടീം സാഹസികമായി പിടികൂടി. ഒഴൂര്‍ കുട്ട്യാമാക്കാനകത്ത് ഷാജഹാന്‍ (55)നെയാണ് ഏര്‍വാടിയില്‍വെച്ച് പിടികൂടിയത്. നാല് മാസത്തോളമായി ഒരു പ്രദേശത്തെ ഭീതിയിലാഴ്ത്തി മോഷണം നടത്തിവരുകയും രാത്രിയില്‍ ഭീതി പരത്തി അക്രമണത്തിലൂടെ വീടിന്റെ ഗ്രില്ലും മറ്റും തകര്‍ത്ത് മോഷണം നടത്തുകയും ചെയ്തു വരികയായിരുന്നു പ്രതി. നിറമരുതൂര്‍ കാളാട് മുഹമ്മദ് കുട്ടിയുടെ വീടിന്റെ ഗ്രില്ല് തകര്‍ത്ത് അകത്ത് കടന്ന് ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ ചെയിനും രണ്ട് മൊബൈലുകളും മോഷണം നടത്തി. മൂച്ചിക്കല്‍ അനൂപിന്റെ വീട്ടിന്റെ അകത്ത് നിന്നും ഒരു ലക്ഷത്തി എഴുപതിനായിരത്തോളം രൂപയും പേഴ്സില്‍ നിന്നും ആറായിരം രൂപയും മോഷണം നടത്തിയിരുന്നു. സി.സി.ടി.വികളില്‍ മുഖം തെളിയാത്തതിനാല്‍ അന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞില്ല. നിറമരുതൂര്‍, പത്തംമ്പാട്, മൂച്ചിക്കല്‍, കാളാട് ഭാഗങ്ങളില്‍ രാത്രിയില്‍ ഷര്‍ട്ട് ധരിക്കാത്ത ഒരാള്‍ ആയുധവുമായികറങ്ങി നടക്കുന്നതായി കേട്ടതോടെ ജനങ്ങളില്‍ ഭീതി പടര്‍ന്നു. മുഖം മറച്ച് പിന്നില്‍ ഒരു ബാഗ് തൂക്കിയിട്ട്, കൈയ്യില്‍ വടിവാളുമായാണ് മോഷണത്തിനിറങ്ങുന്നത്. പലരും നേരേത്തെ വീട്ടില്‍ എത്തി ലൈറ്റ് അണക്കുന്ന അവസ്ഥയായി. എന്നാല്‍ ഒരു മാസത്തോളമായി മൂച്ചിക്കല്‍ ആളൊഴിഞ്ഞ ഒരു വീട്ടില്‍ ഇയാള്‍ ഒളിച്ച് താമസിച്ചാണ് ഇരുട്ടിന്റെ മറവില്‍ ഭീതി പടര്‍ത്തി മോഷണം നടത്തിവന്നിരുന്നത്. പോലീസിനെ പോലും വെല്ല് വിളിച്ചാണ് മോഷണം. ഇതോടെ ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, തിരൂര്‍ ഡി.വൈ.എസ്.പി. കെ. സുരേഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായവും ലഭിച്ചു. ഇതിനിടയില്‍ കാളാട് വീട്ടില്‍ നിന്നും മോഷണം പോയ മൊബൈലില്‍ നിന്നും തമിഴ്നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രമായ ഏര്‍വാടിയിലേക്കു വിളിച്ച ഒരു ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദ്ധീന്‍ എന്നിവര്‍ മുസ്ലിംവേഷ ധാരികളായി ഒരു മാസത്തിലേറെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്തിയത്. ഷാജഹാന്റെ പേരില്‍ നൂറിലേറെ കേസുകള്‍ വിവിധപോലീസ് സ്റ്റേഷനുകളിലുണ്ടന്ന് താനൂര്‍ സി.ഐ പറഞ്ഞു. അന്വേഷണ സംഘത്തില്‍ താനൂര്‍ സി.ഐ. പി. പ്രമോദ്, എസ്.ഐ. മാരായ എന്‍. ശ്രീജിത്ത്, ഗിരീഷ്, രാജേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്‌കാട്ടുങ്ങല്‍, സബറുദ്ധീന്‍, എം.പി, വിമോഷ്, ഷംഷാദ് എന്നിവരും ഉണ്ടായിരുന്നു.

Sharing is caring!