രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര്‍ക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല: ജിഫ്രി തങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര്‍ക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല: ജിഫ്രി തങ്ങള്‍

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര്‍ക്കും ആരോടും കൂടാമെന്നും അത് സമസ്തയുടെ വിഷയമല്ലെന്നും സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സംഘടനയുടം മുശാവറ യോഗം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ കേരള പര്യടനവുമായി ബന്ധപ്പെട്ട് സമസ്തയെ മുസ്ലിം ലീഗ് നിയന്ത്രിക്കുന്നുവെന്ന ചര്‍ച്ച വിവാദമായിരിക്കേയാണ് സമസ്ത അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമസ്തയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു യോഗം.
സമസ്തയ്ക്ക് രാഷ്ട്രീയ നിലപാടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളതെന്നും സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ആരും മറ്റുള്ളവരെ നിയന്ത്രിക്കുന്നില്ല. ലീഗ് അവരുടെ ആളുകളേയും സമസ്ത അവരുടെ ആളുകളേയും മാത്രമാണ് നിയന്ത്രിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര്‍ക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല.
ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതില്‍ പങ്കെടുക്കും. സര്‍ക്കാര്‍ നേതൃത്വം വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ പങ്കെടുക്കുന്നതിന് സമസ്ത നേതാക്കളെ ലീഗ് വിലക്കിയിട്ടില്ല. ലീഗുമായി എതിര്‍പ്പില്ലെന്നും, ഈ സര്‍ക്കാറും സമസ്തക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുത്തുകോയ തങ്ങള്‍ പറഞ്ഞു.

സമസ്തയുടെ കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അധികാരമില്ല. സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും പറയുന്നതാണ്. മായിന്‍ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. മതപരമായ കാര്യങ്ങളില്‍ മാത്രമാണ് ലീഗ് സമസ്തയുടെ ഉപദേശം തേടാറുള്ളത്. ലീഗും സമസ്തയും തമ്മില്‍ നല്ല ബന്ധമാണെന്നും ജിഫ്രി മുത്തു കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി.

വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച് ഉമര്‍ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. വെല്‍ഫെയര്‍ സഖ്യത്തില്‍ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സമസ്ത ഓഫീസില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് യോഗം നടന്നത്. യോഗത്തില്‍ പ്രസിഡണ്ട് സയിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, വൈസ് പ്രസി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാര്‍ തുടങ്ങിയവരും പങ്കെടുത്തു.

നേരത്തെ മുസ്ലിം ലീഗിന് മുന്നറിയിപ്പ് നല്‍കിയും സിപിഎമ്മിനോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ചും സമസ്ത വീണ്ടും രംഗത്തു വന്നിരുന്നു. അവകാശ സംരക്ഷണത്തിനായി എസ്.കെ.എസ്.എസ്എഫ് നടത്തുന്ന മുന്നേറ്റ യാത്രയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ പങ്കെടുപ്പിച്ചു. മുക്കത്ത് നടന്ന സ്വീകരണ സമ്മേളനത്തിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചത്. ലീഗ്, കോണ്‍ഗ്രസ് പ്രതിനിധികളും ചടങ്ങിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യാടനത്തില്‍ പങ്കെടുത്ത് പിണറായിയെ പ്രശംസിച്ച സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും പരിപാടിയിലുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സംബന്ധിച്ച് മുസ്ലിം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഭിന്നത രൂക്ഷമായി കൊണ്ടിരിക്കെ ഒരാഴ്ച മുമ്പ് സമസ്ത നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കുകയുണ്ടായി. പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ലീഗ് വിലക്കേര്‍പ്പെടുത്തിയെ വാര്‍ത്തകള്‍ക്കിടെയായിരുന്നു സന്ദര്‍ശനം.
ഇതിന് പിന്നാലെയാണ് ജനപ്രതിനിധി അല്ലാത്ത സിപിഎം ജില്ലാ സെക്രട്ടറിയെ സ്വന്തം വേദിയിലേക്ക് സമസ്ത ക്ഷണിച്ചത്. സമസ്തയുടെ കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടതില്ലെന്ന മുന്നറിയിപ്പ് നല്‍കാന്‍ കൂടിയായിട്ടാണ് പി.മോഹനനെ ക്ഷണിച്ചതെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗുമായി സഹകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നിയമസഭയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും മലപ്പുറത്ത് അടക്കം ലീഗിന് തിരിച്ചടിയാകുമോ എന്ന ഭയത്തിന് ഇടയാക്കിയിട്ടുണ്ട്.

 

Sharing is caring!