തിരൂരങ്ങാടിയിലെ പോലീസുകാരന്റെ ഇടപെടല്‍; വീട്ടമ്മക്ക് നഷ്ട്ടപ്പെട്ട പണം തിരികെ കിട്ടി

തിരൂരങ്ങാടിയിലെ പോലീസുകാരന്റെ ഇടപെടല്‍; വീട്ടമ്മക്ക് നഷ്ട്ടപ്പെട്ട പണം തിരികെ കിട്ടി

തിരൂരങ്ങാടി: പോലീസുകാരന്റെ ഇടപെടല്‍ മൂലം വീട്ടമ്മക്ക് നഷ്ട്ടപ്പെട്ട പണം തിരികെ കിട്ടി. കോഴിച്ചെന സ്വദേശിനിയായ വീട്ടമ്മയുടെ പണമാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ പി.ആര്‍.ഒ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. അനില്‍കുമാറിന്റെ ഇടപെടലിലൂടെ തിരിച്ചു ലഭിച്ചത്. വീട് നിര്‍മ്മാണത്തിന് കരുതിയിരുന് 10,000 രൂപയടങ്ങിയ ബാഗ് വീട്ടമ്മ ചെമ്മാട് ഓട്ടോയില്‍ മറന്നു വെച്ചു. ബുധനാഴ്ച വൈകീട്ട് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ ഓട്ടോ ഡ്രൈവറെയോ ഓട്ടോയുടെ നമ്പറോ ഏതെന്ന് അറിയില്ലായിരുന്നു. പണം നഷ്ട്ടപ്പെട്ടത്തോടെ
സങ്കടത്തിലായ വീട്ടമ്മ സ്റ്റേഷനില്‍ നിന്ന് പോകാന്‍ തയ്യാറായില്ല. ഇതോടെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. അനില്‍കുമാര്‍ വീട്ടമ്മയെ സമാധാനിപ്പിക്കുകയും വിവിധ സ്റ്റേഷനുകളില്‍ ബന്ധപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഓട്ടോയുടെ നമ്പര്‍ ലഭിച്ചില്ല. തുടര്‍ന്ന് ഓട്ടോയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം ഓട്ടോ തൊഴിലാളി നേതാവിന്റെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളില്‍ ഫോട്ടോ പ്രചരിപ്പിച്ചതോടെ അരമണിക്കൂറിനുള്ളില്‍ ഓട്ടോ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ഉള്ളണത്തെ വലിയപീടിയേക്കല്‍ റസാക്കിന്റെതായിരുന്നു ഓട്ടോ. ഓട്ടോയുടെ പിറകിലാണ് ബാഗ് വെച്ചിരുന്നതെന്നതിനാല്‍ ഡ്രൈവര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാറിന്റെ സാന്നിധ്യത്തില്‍ പണമടങ്ങിയ ബാഗ് വീട്ടമ്മയ്ക്ക് കൈമാറിയതോടെ പോലീസുകാര്‍ക്ക് നന്ദി പറഞ്ഞാണ് വീട്ടമ്മ രംഗം വിട്ടത്.

 

 

Sharing is caring!