അഞ്ചാംക്ലാസുകാരന്‍ ഹിഷാം മുഹമ്മദിന്റെ കത്തിന് മറുപടിയായി കൂട്ടുകാരുടെ കൂട്ടായ്മയില്‍ സുരക്ഷിതമായ ഭവനം ഒരുക്കി

വള്ളുവമ്പ്രം: വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥി ഹിഷാം മുഹമ്മദിന്റെ കത്തിന് മറുപടിയായി കൂട്ടുകാരുടെ കൂട്ടായ്മയില്‍ സുരക്ഷിതമായ ഭവനം ഒരുക്കി. തല ചായ്ക്കാന്‍ ഒരിടം എന്ന സ്വപ്നം വര്‍ഷങ്ങളോളം കൊണ്ട് നടന്ന് വീടില്ലാത്ത വേദന നൊമ്പരമായി അവശേഷിക്കുമ്പോഴാണ് ഹിഷാം തന്റെ സ്‌കൂള്‍ പ്രധാനാധ്യാപകന് കത്തെഴുതിയത്. ‘ ഞാനും കടുംബവും പേടിച്ചാണ് അന്തിയുറങ്ങുന്നതെന്നും കാറ്റും മഴയും വരുമ്പോള്‍ തന്നെ പേടിയാണന്നും ഒരു ദിവസം തകര ഷീറ്റ് കാറ്റില്‍ പറന്നു പോയെന്നും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നുണ്ടെന്നും.. ‘ തുടങ്ങിയ വരികള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ആ കത്ത്.കത്തിന്റെ ഉള്ളടക്കം കരളലിയിക്കുന്നതായിരുന്നു. കത്ത് അനുഭാവപൂര്‍വം പരിഗണിച്ച സ്‌കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ഭവന നിര്‍മാണ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സഹപാഠികള്‍ അധ്യാപകര്‍, പി.ടി.എ, നാട്ടുകാര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, ക്ലബ്ബുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ കൂട്ടായ സഹകരണത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓട്ടോറിക്ഷ ്രൈഡവറായി ജോലി ചെയ്ത് വരികയായിരുന്ന കുടുംബത്തിലെ ഏക ആശ്രയമായ പിതാവ് സൈതലവി ശാരീരിക അവശതകള്‍ കൂടി പിടിയിലായതോടെയാണ് വീടെന്ന സ്വപ്നവും തകര്‍ന്നടിഞ്ഞത്. ഈ പ്രയാസങ്ങള്‍ മനസ്സിലാക്കിയ കൊച്ചു മിടുക്കന്‍ സ്വന്തം കൈപ്പടയില്‍ ഒരു തുണ്ട് കടലാസില്‍ എഴുതിയ കത്ത് തന്റെ പ്രധാനാധ്യാപകന് കൈമാറുകയായിരുന്നു. ഏതായാലും കരളലിഞ്ഞവരുടെ കാരുണ്യത്താല്‍ ഒരു നാട് കൈകോര്‍ത്തപ്പോള്‍ നിര്‍ധന കുടുംബത്തിന് ഒരു വീട് പൂര്‍ത്തീകരിച്ച് കൈമാറാന്‍ കഴിഞ്ഞു. വള്ളുവമ്പ്രം മാണിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ വീടിന്റെ താക്കോല്‍ കൈമാറ്റ കര്‍മം നിര്‍വഹിച്ചു. ഹിഷാം മുഹമ്മദും കൊച്ചനുജന്‍ ഫാദിയും ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡന്റ് എം.ടി ശംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.വി മനാഫ്, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇസ്മായീല്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുബൈദ മുസ്ലിയാരകത്ത്, പൂക്കോട്ടൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി അലി, പുല്‍പ്പറ്റ പഞ്ചായത്ത് മെമ്പര്‍ ശാന്തി ശ്രീജേഷ്, പൂക്കോട്ടൂര്‍ പഞ്ചായത്ത് മെമ്പര്‍ മാരായ സുബൈദ മോഴിക്കല്‍, കെ അബ്ദുറസാഖ് എന്ന നാണി, മുഹമ്മദ് പള്ളിയാളി, പനക്കല്‍ ഗോപാലന്‍, പ്രധാനാധ്യാപകന്‍ സി.അബൂബക്കര്‍, കണ്‍വീനര്‍ സി.സൈതലവി, എന്‍.മുഹമ്മദ്, സി.മൊയ്തീന്‍ കുട്ടി, ഹംസ കൊല്ലൊടിക, അമീറലി, എസ് ആര്‍ ജി കണ്‍വീനര്‍മാരായ കെ.പി മുഹമ്മദലി, കെ.അബ്ദുല്ല, സ്‌കൂള്‍ ലീഡര്‍ സി ആയിഷ ജന്ന എഞ്ചിനീയര്‍ സി സുരേഷ് കുമാര്‍, കെ.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.എഞ്ചിനീയര്‍ സി സുരേഷ് കുമാര്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസര്‍ ആന്റ് കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതി , ക്ലാസിക് ക്ലബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

 

 

 

Sharing is caring!