നിലമ്പൂര്‍ തേക്കുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് നിര്‍മിച്ച് കരുളായിക്കാരന്‍ ജിതിന്‍

നിലമ്പൂര്‍ തേക്കുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് നിര്‍മിച്ച് കരുളായിക്കാരന്‍ ജിതിന്‍

മലപ്പുറം: നിലമ്പൂര്‍ തേക്കുകൊണ്ട് റായല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് നിര്‍മിച്ച് ശ്രദ്ധേയനാവുകയാണ് മലപ്പുറം കരുളായിക്കാരന്‍ ജിതിന്‍. നിലവില്‍ സാധാരണക്കാര്‍വരെ വാഹനത്തോടുള്ള ഇഷ്ടം കൊണ്ടു 2ലക്ഷവും ഇതിന് മുകളിലും വില വരുന്ന ഈ വാഹനം സ്വന്തമാക്കുന്നുണ്ട്. ബുള്ളറ്റിനോടുള്ള ആരാധനയും കമ്പവും കാരണമാണ് താന്‍ ഇത്തരത്തില്‍ വാഹനം നിര്‍മിച്ചതെന്ന് ജിതിന്‍ പറയുന്നു. രണ്ടുവര്‍ഷക്കാലത്തെ പരിശ്രമത്തിലൂടെയാണ് ഇലക്ട്രീഷ്യനായ ജിതിന്‍ തന്റെ ഇഷ്ട വാഹനം നിലമ്പൂര്‍ തേക്കില്‍ നിര്‍മ്മിച്ചത്. അഞ്ചുവര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ ബുള്ളറ്റ് നിര്‍മ്മിക്കാനുള്ള സാമഗ്രികളും ജിതിന്‍ കൂടെക്കൂട്ടിയിരുന്നു. നാട്ടിലെത്തിയ ഉടന്‍ തന്നെ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സ്വന്തമാക്കി. ഈ ബുള്ളറ്റിന്റെ ഡിസൈന്‍ നോക്കിയാണ് ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ മരം ഉപയോഗിച്ചു വാഹനം നിര്‍മ്മിക്കാന്‍ ജിതിന്‍ തുടക്കം കുറിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മാതാക്കള്‍ വരെ അമ്പരന്നുപോകുന്ന വിധമാണ് ജിതിന്റെ കരുവിരുതില്‍ പിറന്ന ബുള്ളറ്റ്.
വീട്ടുപറമ്പിലെ രണ്ട് തേക്കുകളാണ് ബുള്ളറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. ഒറ്റയ്ക്ക് തന്നെയായിരുന്നു നിര്‍മ്മാണം. ബുള്ളറ്റിന്റെ ടയറുകള്‍ മലേഷ്യന്‍ ഇരുളിലും പെട്രോള്‍ ടാങ്ക് ഇരുളിലുമാണ് തീര്‍ത്തിരിക്കുന്നത്. പുതിയ ബുള്ളറ്റ് വാങ്ങുന്നതിനു തുല്യമായ പണം തടിയില്‍ തീര്‍ത്ത ബുള്ളറ്റ് നിര്‍മ്മിക്കാന്‍ ചെലവായിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന ഈ ബുള്ളറ്റ് കാണാനും സെല്‍ഫി എടുക്കാനും നിരവധി ആളുകളാണ് ജിതിനെ തേടി എത്തുന്നത്.

 

Sharing is caring!