ശരീരം വൈകല്യം തളര്‍ത്തിയെങ്കിലും ആത്മവിശ്വാസംകൊണ്ട് ജീവിതം കാണിച്ചുതന്ന് മലപ്പുറം വേങ്ങരയിലെ കാരാട്ട് അരുണ്‍ കുമാര്‍

ശരീരം വൈകല്യം തളര്‍ത്തിയെങ്കിലും ആത്മവിശ്വാസംകൊണ്ട് ജീവിതം കാണിച്ചുതന്ന് മലപ്പുറം വേങ്ങരയിലെ കാരാട്ട് അരുണ്‍ കുമാര്‍

മലപ്പുറം: ശരീരം വൈകല്യം തളര്‍ത്തിയെങ്കിലും ആത്മവിശ്വാസംകൊണ്ട് എങ്ങിനെ ജീവിക്കാമെന്ന് കാണിച്ചുതരികയാണ് മലപ്പുറം വേങ്ങരയിലെ കാരാട്ട് അരുണ്‍ കുമാര്‍. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാതെയാണ് ഊരകം പുല്ലഞ്ചാലില്‍ സ്വദേശി കാരാട്ട് അരുണ്‍ കുമാര്‍ ജനിച്ചത്. രണ്ട് കൈകള്‍ ഒരുമിച്ച് ഉപയോഗിക്കാനും കഴിയില്ല. വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമല്ലാതെ അരുണ്‍ സംസാരിക്കുന്നത് മനസ്സിലാകുകയുമില്ല. ഒരു ഗ്ലാസ് വെള്ളം കുടിക്കണമെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം വേണം. ഈ പരിമിതികളെയെല്ലാം മറികടന്ന് വര്‍ഷങ്ങളായി കൃഷി ചെയ്ത് ജീവിക്കുകയാണ് അരുണ്‍കുമാര്‍ എന്ന 52 വയസ്സുകാരന്‍. വര്‍ഷങ്ങളായി അരുണ്‍ കുമാര്‍ കൃഷി ചെയ്യുന്നുണ്ട്. വീടിനോട് ചേര്‍ന്ന് മറ്റൊരാള്‍ പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. വാഴയാണ് അരുണ്‍ കുമാര്‍ സ്ഥിരമായി കൃഷി ചെയ്യാറുള്ളത്. 15 വയസ്സുമുതല്‍ അരുണ്‍കുമാര്‍ കാര്‍ഷിക രംഗത്തുണ്ട്. ചെറിയ പ്രായത്തില്‍ വീട്ടിലെ പറമ്പില്‍ തന്നെ അടക്ക മുളപ്പിച്ച് തൈകളുണ്ടാക്കുകയും ചേനയും ചേമ്പും കാച്ചിലുമടക്കം കൃഷി ചെയ്യാറുണ്ടായിരുന്നതായും അരുണ്‍കുമാറിന്റെ അമ്മ പറയുന്നു. എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയാത്ത അരുണ്‍കുമാര്‍ മുട്ടുകുത്തിയും കൈകള്‍ നിലത്തൂന്നി നിരങ്ങിയുമാണ് കൃഷിയിടത്തിലേക്ക് എത്തുന്നതും ജോലികള്‍ ചെയ്യുന്നതും. വീടിന് മുന്‍വശത്തുള്ള കോണ്‍ക്രീറ്റ് റോഡ് മുറിച്ചു കടന്നുവേണം വയലിലെത്താന്‍. 50 വാഴയാണ് ഇത്തവണ അരുണ്‍ കൃഷി ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഇതിലേറെ സ്ഥലത്ത് കൃഷി ചെയ്തിരുന്നു. എന്നാല്‍ ഭൂമി ലഭിക്കാതായതോടെ കൃഷിയുടെ വ്യാപ്തിയും കുറഞ്ഞു. രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കുന്ന അരുണ്‍കുമാര്‍ പ്രഭാതകൃത്യങ്ങള്‍ അടക്കം എല്ലാം ഇപ്പോള്‍ സ്വന്തമായി ചെയ്യുന്നു. ചെറിയ പ്രായത്തില്‍ മറ്റാരെങ്കിലും സഹായിക്കേണ്ടിയിരുന്നു എങ്കിലും ഇപ്പോള്‍ എല്ലാ കാര്യങ്ങളും അരുണ്‍ തന്നെ സ്വന്തമായി ചെയ്യുന്നുണ്ടെന്ന് അമ്മ പറയുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നിറവേറ്റി പ്രാര്‍ത്ഥനയും കഴിഞ്ഞ് 6 മണിയോടെ അരുണ്‍ നിരങ്ങിനീങ്ങി കൃഷിയിടത്തിലെത്തും. പിന്നീട് വെയിലാകുന്നത് വരെ വയലില്‍ പണിയെടുക്കും. ഭക്ഷണം അമ്മയോ മറ്റാരെങ്കിലും വയലിലേക്കെത്തിക്കും.വാഴക്ക് കുഴിയെടുക്കുന്നതും തൈ നടുന്നതും വളമിടുന്നതും എല്ലാം അരുണ്‍കുമാര്‍ തനിച്ചാണ്. ഉച്ചയാകുന്നതോടെ ജോലി മതിയാക്കി വീട്ടിലേക്ക് മടങ്ങും. കുളിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമം. ഇതാണ് അരുണിന്റെ ഒരു ദിവസത്തെ ജീവിതക്രമം. ടിവിയില്‍ കൃഷിയുമായി ബന്ധപ്പെട്ട പരിപാടികള്‍ കാണുമ്പോള്‍ അരുണ്‍ പറയാറുണ്ടായിരുന്നു തന്റെ കഥയും ഒരു ദിവസം ഇതുപോലെ ടിവിയില്‍ കാണിക്കുമെന്ന്. ഇന്ന് അത് സത്യമായിരിക്കുകയാണ്. അരുണിന്റെ കാര്‍ഷിക അുഭവങ്ങള്‍ ഊരകം കൃഷി ഭവനിലെ കൃഷി ഓഫീസറിലൂടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.ഇന്ന് എല്ലാ മുഖ്യധാര മാധ്യമങ്ങളും അരുണിന്റെ ഈ അതിജീവന പോരാട്ടം വാര്‍ത്തയാക്കിയിട്ടുണ്ട്. സ്വന്തമായൊരു ഇലക്ട്രോണിക് വീല്‍ചെയര്‍ വേണമെന്നതാണ് ഇപ്പോള്‍ അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇലക്ട്രോണിക് വീല്‍ചെയറുണ്ടെങ്കില്‍ വയലിലെ ജോലി കഴിഞ്ഞതിന് ശേഷം തൊട്ടടുത്ത കവലയില്‍ പോയി സുഹൃത്തുക്കളെയെല്ലാം കാണാമെന്നും അല്‍പം അകലെയുള്ള ഭൂമിയിലും കൃഷി ചെയ്യാന്‍ പോകാമെന്നും അരുണ്‍ പറയുന്നു. അമ്മ മാധവിക്കുട്ടിയും സഹോദരന്‍ പ്രവീണും പ്രവീണിന്റെ ഭാര്യയും മക്കളുമെല്ലാം അരുണ്‍കുമാറിന് കൈത്താങ്ങായി കൂടെയുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് നിന്നും അരുണ്‍കുമാറിന്റെ കുടുംബം അമ്മ മാധവിക്കുട്ടിയുടെ നാടായ ഊരകത്ത് എത്തിയത്. സഹോദരന്‍ പ്രവീണ്‍ കേബിള്‍ ടിവി ഓപ്പറേറ്ററാണ്.

 

 

Sharing is caring!