മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും ഇസ്മായില്‍ മൂത്തേടവും വികസന സ്വപ്നങ്ങള്‍ പറയുന്നത് കേള്‍ക്കൂ..

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും ഇസ്മായില്‍ മൂത്തേടവും വികസന സ്വപ്നങ്ങള്‍ പറയുന്നത് കേള്‍ക്കൂ..

മലപ്പുറം: ജില്ലയിലെ കാര്‍ഷിക മേഖല തിരിച്ചുപിടിക്കുമെന്നും യുവതലമുറയെ മത്സര പരീക്ഷകള്‍ക്ക് കൂടുതല്‍ സജ്ജമാക്കുമെന്നും പുതിയ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ ഇന്നലെ നടന്ന മീറ്റ് ദ ഡ്രീം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ നാല് ഭരണസമിതികള്‍ ജില്ലയില്‍ വിജയഭേരിക്ക് പ്രാധാന്യമേകിയപ്പോള്‍ പത്തിലും പ്ലസ്ടുവിലും വലിയ മുന്നേറ്റമുണ്ടായി. മെഡിസിനിലും എന്‍ജിനീയറിംഗിലും ജില്ലയിലെ മിടുക്കരുടെ വ്യക്തമായ സാന്നിദ്ധ്യമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടുന്നവരുടെ എണ്ണം നോക്കിയാല്‍ മലപ്പുറം വളരെ പിന്നിലാണ്. യുവതലമുറയെ മത്സര പരീക്ഷകള്‍ക്ക് കൂടുതല്‍ സജ്ജമാക്കുകയാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ വിപുലപ്പെടുത്താന്‍ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് പ്രത്യേക സോഫ്റ്റുവെയര്‍ തയ്യാറാക്കും. എല്ലാ വിദ്യാലയങ്ങളിലും കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യങ്ങളൊരുക്കും. കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് ഒരു മലപ്പുറം മോഡല്‍ പദ്ധതി ആവിഷ്‌ക്കരിക്കും. പഴയകാലത്തെ മലപ്പുറത്തിന്റെ കാര്‍ഷിക അഭിവൃദ്ധി തിരിച്ചുപിടിക്കും. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയുടെ ഉണര്‍വിന് ഏറെ പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍, വൃക്ക രോഗികളുള്ളത് മലപ്പുറത്താണ്. രോഗം നേരത്തെ കണ്ടെത്താന്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗനിര്‍ണ്ണയത്തിന് സൗകര്യമൊരുക്കും. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനും രോഗം ഗുരുതരമാവാതിരിക്കാനും ഇതുപകരിക്കും. നിര്‍ധന രോഗികള്‍ക്ക് പി.എച്ച്.സി മുഖാന്തിരം മരുന്നുകള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മാര്‍ണ്മനിര്‍ദ്ദേശങ്ങള്‍ മൂലം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്നില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ പദ്ധതി നടപ്പാക്കാന്‍ സഹായകമാവുന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് മൂന്ന് ജില്ലാ ആശുപത്രികളിലും കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരും. അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുന്ന പദ്ധതികളാവിഷ്‌കരിക്കും. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി കുടുംബങ്ങള്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. വീടുകളിലെ സ്ത്രീകള്‍ക്ക് വലിയ കഴിവുകളുണ്ടെന്ന് കൂടി കൊവിഡ് കാലം തെളിയിച്ചിട്ടുണ്ട്. ഇവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ കുടുംബശ്രീ വഴി വിപണനം ചെയ്യാനുള്ള സാദ്ധ്യതകള്‍ തേടും. തിരിച്ചുപോവാന്‍ കഴിയാത്ത പ്രവാസികളുടെ പുനരധിവാസത്തിനായി പ്രവാസികളുമായി കൂടിയാലോചിച്ച് പ്രത്യേക പദ്ധതി നടപ്പാക്കും. വയനാട്, പാലക്കാട്, ഇടുക്കി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്നത് മലപ്പുറത്താണ്. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. ആദിവാസികള്‍ ശേഖരിക്കുന്ന വിഭവങ്ങള്‍ ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി നേരിട്ട് ജനങ്ങളിലേക്കെത്തിക്കും. എസ്.സി കോളനികളിലും ജില്ലാ പഞ്ചായത്ത് ഭരണ സമിതി ജനസമ്പര്‍ക്ക പരിപാടി നടത്തി പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണും. റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ ജല ഗതാഗത മാര്‍ണ്മങ്ങള്‍ തേടും. എടവണ്ണയില്‍ നിന്ന് കവണക്കല്ലിലേക്ക് ബോട്ട് സര്‍വീസ് തുടങ്ങിയാല്‍ പത്ത് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവും. ഗ്രാമീണ റോഡുകള്‍ ലോകോത്തര നിലവാരത്തിലേക്ക് മാറ്റും. ഒരുവര്‍ഷം കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുക എന്നതിന് പകരം എണ്ണപ്പെട്ട റോഡുകള്‍ മികച്ച നിലവാരത്തില്‍ ഉണ്ടാക്കുമെന്നും ഇരുവരും പറഞ്ഞു.
പുലമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകളുടെ കരുത്തുമായാണ് എം.കെ.റഫീഖ ജില്ലാ പഞ്ചായത്തിന്റെ അമരത്തെത്തിയത്. പൊതുപ്രവര്‍ത്തന രംഗത്തെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടത്തിന്റെ കൈമുതല്‍.

 

Sharing is caring!