ചോലനായ്ക്ക വിഭാഗത്തില്‍ നിന്ന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെത്തിയ സുധീഷ് കേരള പോലീസിന്റെ ഭാഗം

മലപ്പുറം: ചോലനായ്ക്ക വിഭാഗത്തിന്റെ സുധീഷ് കേരള പോലീസില്‍. പ്രാക്തനാ ആദിവാസി വിഭാഗത്തില്‍ നിന്ന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷനില്‍ വിജയിച്ച സുധീഷ് എന്ന 21 കാരനാണ് പുതിയൊരു മേഖലകൂടി വെട്ടിപിടിച്ചിരിക്കുന്നത്. കേരള പോലീസ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെയാണ് സുധീഷിനു സെലക്ഷന് ലഭിച്ചത്. പുഞ്ചക്കൊല്ലി കോളനിയിലെ ചോലനായ്ക്ക വിഭാഗക്കാര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നതാണ് സുധീഷിന്റെ നേട്ടം. ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായി കണ്ടുവരുന്ന ഒരു ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് നിലമ്പൂരിലെ ചോലനായ്ക്കര്‍. നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ താണ്ടിയാലേ സുധീഷിന്റെ വീട്ടില്‍ എത്താന്‍ സാധിക്കൂ. ആദിവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുമെന്ന് സുധീഷ് വിജയത്തിനു പിന്നാലെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് കേരള പോലീസിന്റെ ഭാഗമാകാന്‍ സുധീഷിന് അവസരം ലഭിച്ചത്.
കേരള പോലീസിലേക്ക് രണ്ടാം തവണയാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടക്കുന്നത്. 2020 ല്‍ നടന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലാണ് സുധീഷിനു നിയമനം ലഭിച്ചത്. പരീക്ഷ ഒഴിവാക്കി കായികക്ഷമതാ പരിശോധന, മെഡിക്കല്‍ ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് നിയമനം നടത്തുന്നത്. എംഎസ്പി ബറ്റാലിയന്റെ ഭാഗമായി 8 പുരുഷന്മാര്ക്കും 7 സ്ത്രീകള്‍ക്കുമുള്ള ഒഴിവാണ് ഉണ്ടായിരുന്നത്. സുധീഷിനു പുറമേ പുഞ്ചക്കൊല്ലിയില്‍ നിന്ന് സിന്ധു എന്ന യുവതിയും റാങ്ക് പട്ടികയില്‍ ഇടം നേടി. ഇനി പോലീസില്‍ നിന്ന് അഡൈ്വസ് മെമ്മോ ലഭിക്കുന്നതിനനുസരിച്ച് പരിശീലനത്തിനു ചേരാം. അതുവരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തുടരാനാണ് സുധീഷിന്റെ തീരുമാനം.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി