മലപ്പുറം ജില്ലയില്‍ പുതുവത്സര ആഘോഷ പരിപാടികള്‍ ഇന്ന് രാത്രി 10നകം അവസാനിപ്പിക്കണം

മലപ്പുറം ജില്ലയില്‍ പുതുവത്സര ആഘോഷ പരിപാടികള്‍ ഇന്ന് രാത്രി 10നകം അവസാനിപ്പിക്കണം

മലപ്പുറം: ജില്ലയില്‍ പുതുവത്സരപ്പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ ഇന്ന് (ഡിസംബര്‍ 31) രാത്രി 10ന് മുമ്പായി അവസാനിപ്പിക്കണമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ആഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് ജില്ലാകലക്ടര്‍ ഉത്തറവിറക്കിയത്. എല്ലാ ആഘോഷപരിപാടികളിലും കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. മുഖാവരണം, സാമൂഹികാകലം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടല്‍ അനുവദിക്കില്ല. ഇന്നും നാളെയും (ഡിസംബര്‍ 31, ജനുവരി ഒന്ന്) എല്ലാ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കുമുള്ള പ്രവേശനം രാത്രി എട്ടു വരെ മാത്രമായിരിക്കും. രാത്രി 10 ന് ശേഷം ഒരു സന്ദര്‍ശകരെയും ബീച്ചുകളിലും പാര്‍ക്കുകളിലും തുടരാന്‍ അനുവദിക്കില്ല. ഇന്നും നാളെയും ബീച്ചുകളിലും സമീപ പ്രദേശങ്ങളിലും എത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്റ് മുഖേന നല്‍കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകളിലെ സുരക്ഷക്ക് നിലവിലുള്ള ലൈഫ് ഗാര്‍ഡുകള്‍ക്ക് പുറമേ അധികം ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെയും ഭക്ഷണശാലകളില്‍ പ്രത്യേകിച്ച് ബീച്ചുകളിലും സമീപ പ്രദേശങ്ങളിലും വില്‍പന നടത്തുന്ന കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാര- ശുചിത്വ പരിശോധന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറപ്പു വരുത്തിയിട്ടുണ്ട്.

മദ്യപിച്ചും അലക്ഷ്യമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നത് തടയുന്നതിനായി ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ ജനുവരി രണ്ട് വൈകീട്ട് അഞ്ച് വരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പൊലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. പുതുവത്സരാഘോഷ തിരക്ക് നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമുള്ള പക്ഷം പൊലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005 എന്നിവ പ്രകാരം നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

 

Sharing is caring!