ഈ വേങ്ങരക്കാരന്‍ ഒരു മിനുട്ടില്‍ 117തവണ വിരല്‍ തുമ്പിലിട്ട് പേന കറക്കും

ഈ വേങ്ങരക്കാരന്‍ ഒരു മിനുട്ടില്‍ 117തവണ വിരല്‍ തുമ്പിലിട്ട് പേന കറക്കും

വേങ്ങര: മിനുട്ടില്‍ 117 തവണ വിരല്‍ തുമ്പിലിട്ട് പേന കറക്കിയതിന് വേങ്ങര സ്വദേശിയായ വിദ്യാര്‍ഥിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരം.
വേങ്ങര ടൗണിനുസമീപം മരക്കാപറമ്പ് സ്വദേശി കൊട്ടേക്കാട്ട് നൗഷാദ് അലി–ലൈലാബി ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ (18) ആണ് ജില്ലയുടെ അഭിമാനമായത്. വിരലിന് ചുറ്റും പേന കറക്കുന്നതില്‍ രാജ്യത്ത് ആദ്യ റെക്കോഡ് നേടുന്ന വ്യക്തികൂടിയാണ് സിനാന്‍. പല വിധത്തിലുള്ള പെന്‍ സ്പിന്നിങ് ഉണ്ടെങ്കിലും വലതുകൈയിലെ പെരുവിരലില്‍ വച്ചാണ് സിനാന്‍ പേന കറക്കിയത്.
പേന കറക്കലില്‍ ലോക മത്സരം സാധാരണ നടക്കാറുണ്ട്. എന്നാല്‍ ഈ രംഗം യൂറോപ്യന്‍മാരുടെ കുത്തകയാണ്. പെന്‍ സ്പിന്നിങ് എറൗണ്ട് തമ്പ് എന്ന പേരിലറിയുന്ന മത്സരത്തില്‍ കാനഡക്കാരിയായ അലേഷ്യ അമോട്ടോക്കാണ് ലോക റെക്കോഡ്. ഗിന്നസ് ബുക്കില്‍ ഇടംനേടിയ അലേഷ്യയുടെ റെക്കോഡ് മിനുട്ടില്‍ 88 കറക്കമായിരുന്നു. ഇതിനെ മറികടക്കുന്നതാണ് സിനാന്റെ പ്രകടനം.
ഗിന്നസ് ബുക്കില്‍ ഇടംനേടാനുള്ള ശ്രമത്തിലാണെന്ന് വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികൂടിയായ സിനാന്‍ പറഞ്ഞു.

 

 

Sharing is caring!