പ്രസവ ചികിത്സ കിട്ടാതെ നിലമ്പൂര്‍ കാട്ടിനുള്ളില്‍ ചോലനായ്ക്ക യുവതിയും, കുഞ്ഞും മരിച്ചു

പ്രസവ ചികിത്സ കിട്ടാതെ നിലമ്പൂര്‍ കാട്ടിനുള്ളില്‍ ചോലനായ്ക്ക യുവതിയും, കുഞ്ഞും മരിച്ചു

നിലമ്പൂര്‍ കാട്ടിനുള്ളിലെ ചോലനായ്ക്ക കോളനിയായ മാഞ്ചീരി മണ്ണലയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മ മരിച്ചതിന് പിന്നാലെ മൂന്നാംദിവസം കുഞ്ഞും മരിച്ചു. കഴിഞ്ഞ 24നാണ്
മാതാവ് നിഷ എന്ന ചക്കി (38) ഊരില്‍വെച്ചു നടന്ന പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ 26ന് ഊരിലെത്തുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം രാത്രിയോടെ തന്നെയാണ് കുഞ്ഞും മരിച്ചത്. ഗര്‍ഭിണിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും വിവരം അറിയാതെപോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഊരില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കരുളായി പ്രാഥമികാരോഗ്യപ്രവര്‍ത്തകര്‍ ഈമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. മാതാവ് മരണപ്പെട്ട വിവരം അറിഞ്ഞ് 26ന് ഡോ. അശ്വതിയും, ശിശുരോഗവിദഗ്ധന്‍ ഡോ. നിയാസും ഊരിലെത്തി കുഞ്ഞിനെ പരിശോധിച്ചിരുന്നു. അതേ സമയം കുഞ്ഞിന്റെ മൂക്കിലൂടെ രക്തവും, പതയും വന്നു മരിച്ചിട്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ഊരില്‍തന്നെ അടക്കംചെയ്യുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച മാഞ്ചീരിയില്‍ ക്യാന്പ് നടത്താന്‍ പോയ മൊബൈല്‍ ട്രൈബല്‍ മെഡിക്കല്‍ ഓഫീസര്‍ ഇവരുടെ ബന്ധുക്കളെ കണ്ടിരുന്നു. കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. കുട്ടികളുടെ ഡോക്ടര്‍ കുട്ടിയെ പരിശോധിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നില്ല. കുട്ടിക്കായി ഇവര്‍ കൊണ്ടുപോയ പാല്‍പ്പെടിയും അനുബന്ധ സാധനങ്ങളും നല്‍കി സംഘം മടങ്ങി. സംഭവത്തെ കുറിച്ച് പട്ടിക വിഭാഗ വകുപ്പും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Sharing is caring!