മലപ്പുറം ജില്ലയുടെയും സംസ്ഥാനത്തിന്റെയും സമഗ്രവികസനത്തിനുതകുന്ന നിര്‍ദേശങ്ങളുമായി പ്രമുഖര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സാമൂഹ്യ-സാംസ്കാരിക- വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജില്ലയുടെയും സംസ്ഥാനത്തിന്റെയും സമഗ്രവികസനത്തിനുതകുന്ന നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി മുമ്പാകെ പ്രമുഖര്‍ സമര്‍പ്പിച്ചത്. 13 പേര് സദസില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. 120 ഓളം ആളുകള്‍ വിശദമായി എഴുതി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സൂക്ഷ്മമായി വിലയിരുത്തി മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തി. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിലും നയരേഖയിലും ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത് ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യമൃഗ ശല്യത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. കാര്‍ഷിക വിള നശിപ്പിക്കുന്നത് തടയുന്നതിന് തുടര്‍ നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കും. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയം. വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതയോ പക്ഷാപാതിത്വമോ സര്‍ക്കാര്‍ കാണിക്കുകയില്ല. എല്ലാ വിഭാഗക്കാരെയും പരിഗണിക്കും. വ്യാപാരികള്‍ക്ക് ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തി സഹായം നല്‍കുന്നത് പരിഗണനയിലുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുകയാണ് സര്‍ക്കാര്‍ നയം.
നാക് അക്രഡിറ്റേഷനുള്ള കോളജുകള്‍ക്ക് മാത്രമേ പുതിയ കോഴ്സ് അനുവദിക്കാന്‍ സാധിക്കുകയുള്ളുയെന്നത് രാജ്യത്താകാമാനമുള്ള നിയമങ്ങളുടെ ഭാഗമായുള്ള സ്ഥിതിയാണ്. എങ്കിലും സര്‍ക്കാര്‍ സാധ്യമായത് ചെയ്യും. നമ്മുടെ നാട്ടിലെ കുട്ടികള്‍ പുറത്ത് പോയി പഠിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് കൂടുതല്‍ കോഴ്സുകള്‍ സംസ്ഥാനത്ത് തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ഔഷധ കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും.
സംവരണ വിഷയത്തില്‍ അര്‍ഹതപ്പെട്ട ഒരു വിഭാഗത്തിന്റെയും ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ട്ടപ്പെടില്ല. പട്ടികജാതി-പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുന്നതുപോലെ മറ്റ് വിഭാഗക്കാര്‍ക്കും നടത്തുന്നതിന്റെ സാധ്യത പരിശോധിക്കും. സ്റ്റാറ്റിയൂട്ടറി പോസ്റ്റുകളില്‍ നിയമനം നടത്തുന്നതും പരിഗണിക്കും. അന്ധവിശ്വാസം നിര്‍മാര്‍ജനം ചെയ്യുന്നതിനായി നിയമനിര്‍മാണം പരിഗണനയില്ലെങ്കിലും ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിനും നടപടി സ്വീകരിക്കും. നഴ്സിങ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. കായിക പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. സ്കൂള്‍ ഗ്രൗണ്ടുകള്‍ കായികപരിശീലനത്തിന് ഉപയോഗിക്കണമെന്നത് നല്ല നിര്‍ദേശമാണെന്നും ഇത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. മാലിന്യം കത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. ദുരഭിമാന കൊല ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ ബോധവത്ക്കരണം നടത്തും. മലപ്പുറം കലക്ടറേറ്റില്‍ കാലോചിതമായ സൗകര്യങ്ങള്‍ ഇപ്പോഴില്ലെന്നും ഇത് പരിഹരിക്കുന്നതിന് റവന്യൂ ടവര്‍ നിര്‍മിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. സാഹിത്യ-സാംസ്ക്കാരിക നായകര്‍ക്കായി മ്യൂസിയം പരിഗണിക്കും. ടൂറിസം മേഖലകള്ക്കൊന്നായി ഒരു ആപ്പ് എന്നതും ഗുണനിലവാരമനുസരിച്ച് റേറ്റിങ് എന്നതും പ്രാവര്‍ത്തികമാക്കാവുന്ന ആശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാരും മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. ചിലരുടെ നിസഹകരണമാണ് പ്രശ്നപരിഹാരത്തിന് തടസമായി നില്‍ക്കുന്നത്. മരണപ്പെട്ടവരോടു പോലും അനാദരവ് കാണിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പ്രശ്നപരിഹാരത്തിന് തുറന്ന ചര്‍ച്ചയും സമീപനവും അനിവാര്യമാണ്.
സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണമെന്നത് സവര്‍ണ മേധാവികള്‍ ഉന്നയിക്കുന്നതാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെയാണ് സാമൂഹിക ഉന്നമനം സാധ്യമായിട്ടുള്ളത്. ഈ കീഴ് വഴക്കം അട്ടിമറിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിലൂടെ മറ്റുള്ളവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ടപ്പെടില്ല. പാവപ്പെട്ടവര്‍ക്ക് ഒരു താങ്ങ് എന്നതാണ് സര്‍ക്കാര്‍ നയം. താഴ്ന്ന വിഭാഗക്കാര്‍ക്ക് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കി. പിന്നീട് ഇന്ത്യാ ഗവണ്മെന്റും നിയമം നടപ്പാക്കി.
സംവരണമേ വേണ്ട എന്ന നിലപാട് രാജ്യത്ത് ഒരു വിഭാഗത്തിനുണ്ട്. അത് അംഗീകരിക്കാനാവില്ല. സമൂഹത്തില്‍ നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സംവരണം നടപ്പാക്കിയത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യമായിരുന്നു. ആ സാമൂഹ്യാവസ്ഥ പരിഗണിച്ചാണ് സംവരണം നടപ്പാക്കിയത്. പിന്നാക്കക്കാരില്‍ സമ്പന്നരുണ്ട്. ഇവരെ ഒഴിവാക്കാനാണ് ക്രീമിലിയര്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സംവരണ സീറ്റില്‍ അര്‍ഹര്‍ ഇല്ലെങ്കില്‍ അത് ആ വിഭാഗത്തിലെ ക്രീമിലിയര്‍ വിഭാഗത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് നിലപാട്. സംവരണം ആവശ്യമില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആമുഖ പ്രഭാഷണത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഓര്‍മപ്പെടുത്തി മുഖ്യമന്ത്രിയുടെ ലഘു പ്രസംഗം. തുടര്‍ന്ന് സംവാദത്തില്‍ കൃഷി, വ്യവസായം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം, മാലിന്യ സംസ്കരണം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചു. സംവരണമുള്‍പ്പെടെ വിഷയങ്ങളില്‍ വിവിധ മത സാമുദായിക നേതാക്കളും അഭിപ്രായം പങ്കിട്ടു. എല്ലാത്തിനും ചുരുങ്ങിയ വാക്കുകളില്‍ മറുപടി.
ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനായി. ഗവ.ചീഫ് വിപ്പ് കെ.രാജന് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ രാമചന്ദ്രന്, പ്ലാനിങ് ബോര്‍ഡ് അംഗം രാജ് കുമാര്‍, എ.വിജയരാഘവന്, ഇ.എന്‍ മോഹന്‍ദാസ,്പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, പി.പി വാസുദേവന്‍, പി .കെ സൈനബ, എ.പി അബ്ദുള്‍ വഹാബ്, നിലമ്പൂര്‍ ആയിഷ, കവി ആലങ്കോട് ലീലാകൃഷ്ണന്, മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി ചെയര്മാന് ഹുസൈന് രണ്ടത്താണി, ഫുട്ബോള്‍ താരങ്ങളായ യു. ഷറഫലി, അനസ് എടത്തൊടിക, എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]