മമ്പുറം മൂഴിക്കല്‍ വയലില്‍ മണ്ണിട്ട് നികത്തുന്നു

മമ്പുറം മൂഴിക്കല്‍ വയലില്‍ മണ്ണിട്ട് നികത്തുന്നു

തിരൂരങ്ങാടി: മമ്പുറം മൂഴിക്കല്‍ വയലില്‍ മണ്ണിട്ട് നികത്തുന്നു. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം മൂഴിക്കല്‍ വയലില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി വയല്‍ നികത്തുന്നു. പ്രളയത്തില്‍ വ്യാപകമായി വെള്ളം കയറുന്ന പ്രദേശത്താണ് ക്വാറി വേസ്റ്റുകളടക്കം തള്ളി വയല്‍ നികത്തുന്നത്. 80 സെന്റോളം വരുന്ന വയല്‍ നികത്തനാണ് ശ്രമം. ഫാം നിര്‍മ്മാണത്തിന്റെ മറവില്‍ കൃഷി ഇറക്കുന്ന വയലിലേക്ക് മണ്ണും ക്വാറി വേസ്റ്റും എത്തിച്ചാണ് വയല്‍ നികത്തല്‍. കഴിഞ്ഞ വെള്ളിയാഴ്ച സമാനമായി മണ്ണ് തള്ളാനുള്ള ശ്രമം നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് റവന്യൂം പോലീസ് ഉദ്യോഗസ്ഥരെത്തി തടഞ്ഞിരുന്നു.
എത്തിച്ച മണ്ണ് തിരികെ കൊണ്ടുപോകാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യൂ വകുപ്പിന്റെ നടപടിയുണ്ടായിട്ടും നികത്തല്‍ നടക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.
എന്നാല്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാറ്റില്‍പ്പറത്തി സ്ഥലത്ത് അടുത്ത ദിവസം തന്നെ ക്വാറി വേസ്റ്റ് തള്ളി വയല്‍ നികത്താനുള്ള ശ്രമം തുടര്‍ന്നു. മണ്ണ് തള്ളുന്നത് തുടര്‍ന്നതോടെ പരിസരവാസികള്‍ക്കൊപ്പം വിവിധ രാഷട്രീയ പാര്‍ട്ടികളും വയല്‍ നികത്തലിനെതിരെ രംഗത്തെത്തി പ്രദേശത്ത് കൊടിനാട്ടി. സംഭവത്തില്‍ മണ്ണിട്ട് നികത്തുന്ന നടപടിക്കെതിരെ സ്റ്റോപ്പ് മെമോ നല്‍കിയതായും തുടര്‍ നടപടികള്‍ക്കായി താഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിട്ടുണ്ടെന്നും ഏ.ആര്‍ നഗര്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞു.

 

Sharing is caring!