സവര്‍ണ ലോപികള്‍ കുപ്രചാരണം നടത്തുന്നു: സമസ്ത സംവരണ സെമിനാര്‍

സവര്‍ണ ലോപികള്‍ കുപ്രചാരണം നടത്തുന്നു: സമസ്ത സംവരണ സെമിനാര്‍

മലപ്പുറം: സവര്‍ണ ലോപികള്‍ ന്യൂനപക്ഷ, പിന്നോക്ക സമുദായങ്ങളെ തമ്മിലടിപ്പിക്കല്‍ ഗൂഢനീക്കം നടത്തുന്നുവെന്നും ഇത് തിച്ചറിയാനും കേരളത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുന്നവരെ ഒന്നിച്ചെതിര്‍ക്കാനും സമൂഹം തയാറാകണമെന്നും സമസ്ത സംവരണ സെമിനാര്‍ അഭിപ്രായപ്പെട്ടു.
പിന്നോക്ക സമുദായങ്ങളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പൊതുസമൂഹത്തിലും ഉദ്യോഗമേഖലയിലും ഒറ്റപ്പെടുത്താനും അവഗണിക്കാനും ശ്രമിക്കുന്ന ആനുകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍, ഈ വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും സൗഹാര്‍ദ്ധവും ഊട്ടിയുറപ്പിക്കണമെന്നാണ് സമസ്ത സംവരണ സംരക്ഷണ സമിതി ചേളാരിയില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടത്. പിന്നോക്കക്കാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അനര്‍ഹമായി എന്തൊക്കെയോ നേടിയെന്ന് കുപ്രചാരണം നടത്തുകയും ചെയ്യുന്ന സവര്‍ണ ലോപികള്‍ ന്യൂനപക്ഷ, പിന്നോക്ക സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ ഗൂഢനീക്കം തിരിച്ചറിയാനും കേരളത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുന്നവരെ ഒന്നിച്ചെതിര്‍ക്കാനും സമൂഹം തയാറാകണമെന്നും സെമിനാര്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിം സമുദായം അന്യായമായി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന തല്‍പര കക്ഷികളുടെ വ്യാജ ആരോപണങ്ങളില്‍ സെമിനാര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധമായി ഒരു ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ‘സംവരണം അട്ടിമറിക്കപ്പെടുന്നു’ എന്ന ക്യാപ്ഷനില്‍ ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംവരണ സംരക്ഷ സമിതി ചെയര്‍മാന്‍ ഡോ: എന്‍ എ എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ: വി കെ ബീരാന്‍ മുഖ്യാതിഥിയായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന:സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, കുട്ടി അഹ്മദ് കുട്ടി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. ഡോ :കെ എസ് മാധവന്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ രചിച്ച, സമസ്ത സംവരണ സംരക്ഷണ സമിതി പ്രിസിദ്ധീകരിച്ച ‘സംവരണം അട്ടിമറിയുടെ ചരിത്ര പാഠം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഡ്വ: വി കെ ബീരാന് കോപ്പി നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ ,പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, നാസര്‍ ഫൈസി കൂടത്തായി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, ഖാദര്‍ ഫൈസി കുന്നുംപുറം സംബന്ധിച്ചു.

 

 

Sharing is caring!