വീട്ടില്‍ വെള്ളം ചോദിക്കാനെത്തി പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണമാലപൊട്ടിച്ചോടിയ ബഷീര്‍ അറസ്റ്റില്‍

വീട്ടില്‍ വെള്ളം ചോദിക്കാനെത്തി പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണമാലപൊട്ടിച്ചോടിയ ബഷീര്‍ അറസ്റ്റില്‍

മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയിലെ വീട്ടില്‍ വെള്ളം ചോദിക്കാനെന്ന വ്യാജേന എത്തിയ മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി പേരാമ്പ്ര ബഷീര്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന പിഞ്ചു കുഞ്ഞിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു.അവസാനം പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ഈങ്ങാപ്പുഴ കാക്കവയലില്‍ താമസിക്കുന്ന ബഷീര്‍ എന്ന പാറമ്മല്‍ ബഷീര്‍ എന്ന പേരാമ്പ്ര ബഷീര്‍(46) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19ന് പൂക്കോട്ടൂര്‍ അറവങ്കര ന്യൂ ബസാര്‍ ഹോസ്പിറ്റല്‍ റോഡിലാണ് കേസിന്നാസ്പദമായ സംഭവം. വെള്ളം ചോദിക്കാനെന്ന ഭാവേന വീട്ടിലേക്ക് വന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണ മാല പൊട്ടിച്ച് കടന്നുകളഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി മാല പൊട്ടിക്കല്‍, മോഷണം, കവര്‍ച്ച, ഭവനഭേദനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കവര്‍ച്ച കേസില്‍ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ കേസില്‍ മുക്കം പോലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തിലിറങ്ങിയതായിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ എസ്‌കോര്‍ട്ട് വന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഇയാളെ മഞ്ചേരി സിജെഎം കോടതി ശിക്ഷിച്ചിട്ടുണ്ട്.
മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ നസറുദ്ദീന്‍ നാനാക്കല്‍, ജയ്‌സണ്‍ ജെ, എഎസ്‌ഐ സുഭാഷ്, പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് സലീം പൂവത്തി, ജയരാജ്, സുബൈര്‍, ഹരിലാല്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്.
മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

Sharing is caring!