കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വെറും ആറു വോട്ടുകള്‍

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വെറും ആറു വോട്ടുകള്‍

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വെറും ആറു വോട്ടുകള്‍ മാത്രം. എന്നാല്‍ ലീഗിന്റെ വിമത സ്ഥാനാര്‍ഥിക്ക് 354വോട്ടുകളും ലഭിച്ചു. വിമതക്ക് എല്‍.ഡി.എഫും പിന്തുണ നല്‍കി ജയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ആയിഷാബി 336വോട്ടിന് വിജയിച്ചു. സ്ഥാനാര്‍ഥിയുടെ വിജയം അറിഞ്ഞതോടെ പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോടുള്ള വീട്ടിലെത്തി ആഘോഷിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി 692വോട്ട് നേടിയപ്പോള്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്മിനി നേടിയത് വെറും ആറു വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ റിബല്‍ സ്ഥാനാര്‍ഥിയായ മൈമൂനക്ക് എല്‍.ഡി.എഫ് ഉള്‍പ്പെടെയുള്ളവര്‍ രഹസ്യപിന്തുണ നല്‍കിയിട്ടും ലഭിച്ചത് 354വോട്ടുകള്‍ മാത്രമാണ്.

15വര്‍ഷമായി ലീഗ് ജയിക്കുന്ന വാര്‍ഡില്‍ ഒരു കുടുംബത്തിലെ അംഗങ്ങളെ മാത്രമാണ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നതെന്നാരോപിച്ചാണ് വിമത സ്ഥാനാര്‍ഥിയായ മലപ്പുറം നഗരസഭ 38ാം വാര്‍ഡ് ഭൂതാനം കേളനിയില്‍ മൈമൂന ഒളകര മത്സര രംഗത്തിറങ്ങിയിരുന്നത്. ഇതോടെ അവസരം മുതലെടുത്ത് കുഞ്ഞാലിക്കുട്ടിയുടെ തട്ടകത്തില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ്
വിമത സഥാനാര്‍ഥിക്ക് രഹസ്യപിന്തുണ നല്‍കിയിത്.

എന്നാല്‍ ഇതിനെ മറികടന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം. മുന്‍ കെഎംസിസി അംഗവും പ്രവാസിയുമായ നാസറിന്റെ ഭാര്യ മൈമൂനയാണ് ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് വെല്ലുവിളിയുയര്‍ത്തി മത്സരിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടിയും നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും നിരവധി തവണ പിന്‍മാറാന്‍ മൈമൂനയുമായും ബന്ധുക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
അതേ സമയം മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. വളാഞ്ചേരി നഗരസഭ ഡിവിഷനില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുട്ടിയാണ് പരാജയപ്പെട്ടത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. 138 വോട്ടുകള്‍ക്കാണ് വിജയം.

 

 

Sharing is caring!