തലക്കാട്ടെ മരിച്ച സ്ഥാനാര്‍ഥി റിസള്‍ട്ട് വന്നപ്പോള്‍ വിജയിച്ചു

തലക്കാട്ടെ മരിച്ച സ്ഥാനാര്‍ഥി റിസള്‍ട്ട് വന്നപ്പോള്‍ വിജയിച്ചു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വരാന്‍ കാത്തുനില്‍ക്കാതെ ഇന്നലെ മരണത്തിന് കീഴടങ്ങിയ മലപ്പുറം തിരൂര്‍ തലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. 239വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മരിച്ച സ്ഥാനാര്‍ഥിയുടെ വിജയം. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെയാണ് തലക്കാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും തലക്കാട് സി പി ഐഎം ലോക്കല്‍ കമ്മറ്റി അംഗവുമായ തിരൂര്‍ ബിപി അങ്ങാടി പാറശ്ശേരി എരഞ്ഞിക്കല്‍ സഹീറ ബാനു (50) മരിച്ചത്.
കഴിഞ്ഞ 10ന് സഹോദരന്റ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഇന്ന് വൈകീട്ട് മൂന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.സി പി ഐ എം നേതാവും മഹിളാ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന സാഹിറാ ഭാനു നാട്ടുകാരുടെ ജനകീയ നേതാവായിരുന്നു. 2000 ലും 2010ലു പഞ്ചായത്ത് മെമ്പറായിരുന്ന ഇവര്‍ കഴിഞ്ഞ തവണ പൂക്കൈതയിലെ യുഡിഎഫ് ശക്തികേന്ദ്രത്തില്‍ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാര്‍ഡായ പാറശ്ശേരി വെസ്റ്റിലാണ് മല്‍സരിക്കുന്നത്. നാട്ടുകാരുടെ എത് വിഷയത്തിലും ഇടപ്പെട്ട് പരിഹാരം കണ്ടിരുന്ന ഈ ജന നേതാവ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുന്നു. ഇത്തവണയും വന്‍ വിജയം പ്രതീക്ഷിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്. സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും വാര്‍ഡില്‍ ആഘോഷങ്ങളൊന്നുമില്ല.

 

 

Sharing is caring!