മതവും വര്‍ഗീയതയും പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ വോട്ടുപിടിച്ചെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ സബ്കളക്ടര്‍ അന്വേഷണമാരംഭിച്ചു
മലപ്പുറം: മതവും വര്‍ഗീയതയും പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ വോട്ടുപിടിച്ചെന്ന
പരാതിയില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അന്വേഷണമാരംഭിച്ചു. മലപ്പുറം ജില്ലാ വരണാധികാരി കൂടിയായ മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അന്വേഷണം ആരംഭിച്ചത്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണം നടത്തുന്ന പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജു പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതിയില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
നിലമ്പൂര്‍ നഗരസഭയിലെ വോട്ടറും നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായ ഷാജഹാന് പായിമ്പാടമാണ് അന്‍വറിന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മലപ്പുറം കളക്ടര്‍ക്കും പരാതി നല്‍കിയത്. നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിലെ യോഗത്തില്‍ അന്‍വര്‍ വോട്ടു ചോദിക്കുന്ന പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പാണ് പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ളത്. നഗരസഭയിലെ 9-ാം ഡിവിഷന് ചന്തക്കുന്നിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി ആബിദക്ക് വേട്ടുതേടിയായിരുന്നു എംഎല്‍എയുടെ വിവാദ പ്രസംഗം.
‘ഇന്ശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിര്‍ത്തി ഞാന്‍ നിങ്ങളോട് പറയുന്നു. ഇത് രാഷ്ട്രീയമൊന്നുമല്ല. എനിക്ക് വോട്ടു ചെയ്ത ഈ മനുഷ്യന്മാരെ സഹായിക്കല്‍ എന്റെ അനാമത്താണ്. ഈ ചെയ്യുന്ന പ്രവൃത്തിയൊക്കെ ഇബാദത്താണ്. ഇഹലോകവും പരലോകവുമില്ലാത്തവര്‍ക്ക് വേട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം. ബാക്കിയൊന്നും ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. മനസിലാക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടാകും. പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ. പടച്ചോനെ പേടിക്കാത്തവര്‍ക്ക് എന്തിന് പടപ്പിനെ പേടിക്കണം. അതു മനസിലാക്കി കൊള്ളീ.’ ആബിദയെ നിങ്ങള്‍ തോല്‍പ്പിച്ചാലും മുനിസിപ്പാലിറ്റി പടച്ചോന് തന്നാല്‍ കുടിവെള്ളം തരുമെന്നും പ്രസംഗത്തില്‍ പി വി അന്‍വര്‍ എംഎല്‍എ പറയുന്നുണ്ട്.
ഏഴു മിനിറ്റും ഏഴു സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് എംഎല്‍എയുടെ പ്രസംഗം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വൃന്ദാവന്‍കുന്ന് ഉള്‍ക്കൊള്ളുന്ന ചന്തക്കുന്ന് 9-ാം ഡിവിഷനില്‍ ആബിദ താത്തൂക്കാരന് ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രീജ വെട്ടത്തേഴത്തുമാണ്.
ഇടതുസ്ഥാനാര്‍ഥിയുടെ വിജയത്തിനായി മുസ്ലീം ഭൂരിപക്ഷ ഡിവിഷനില്‍ മതവികാരം ഇളക്കിവിടുന്നതിനായി ബോധപൂര്‍വം എംഎല്‍എ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും ജനപ്രാതിനിത്യ നിയമം 123 (3)വകുപ്പു പ്രകാരവും ഐപിസി 171 (എഫ്) പ്രകാരവും കുറ്റകരമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]