പിതാവിനെ സംരക്ഷിക്കാന്‍ വിസമ്മതിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പിതാവിനെ സംരക്ഷിക്കാന്‍ വിസമ്മതിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: എഴുപത് വയസ്സുള്ള പിതാവിനെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വിസമ്മതിക്കുന്ന ഭാര്യക്കും മക്കള്‍ക്കുമെതിരെ സ്വമേധയാ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

2007 ലെ മുതിര്‍ന്ന പൗരന്‍മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ 5(1)(ഇ)വകുപ്പ് പ്രകാരം കേസെടുക്കാനാണ് തിരൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്.

പ്രായം ചെന്ന മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിക്കുന്നത് സാക്ഷര കേരളത്തിന്റെ അപചയത്തിനുള്ള ഉദാഹരണമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതിനെതിരെ ബോധവത്കരണവും നിയമ നടപടിയും സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വദേശി അന്‍സാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തന്റെ പിതാവിന്റെ സഹോദരന്‍ മുഹമ്മദിന്റെ സംരക്ഷണം നിര്‍വഹിക്കുന്നത് പരാതിക്കാരനാണ്. സംരക്ഷണം മുഹമ്മദിന്റെ ഭാര്യയെയും മക്കളെയും ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. പരാതിക്കാരന് വയോധികനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ല.

കമ്മീഷന്‍ സാമൂഹിക നീതി ജില്ലാ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. മുഹമ്മദിന് പ്രായാധിക്യം കാരണമുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും ഭാര്യയും രണ്ട് പെണ്‍മക്കളും മുഹമ്മദിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണനിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവ് തിരൂര്‍ ആര്‍.ഡി. ഒക്ക് അയച്ചു.

 

 

Sharing is caring!