ഒരു മാസം മുമ്പ് രാജി വെച്ച ഭാരവാഹികളെ സസ്‌പെന്റ് ചെയ്തതായി മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.വി പ്രകാശിന്റെ കത്ത്

ഒരു മാസം മുമ്പ് രാജി വെച്ച ഭാരവാഹികളെ സസ്‌പെന്റ് ചെയ്തതായി മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.വി പ്രകാശിന്റെ കത്ത്

തിരൂരങ്ങാടി : ഒരു മാസം മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചവരെ സസ്‌പെന്റ് ചെയ്തതായി മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ കത്ത്. തിരൂരങ്ങാടി നഗരസഭ 25 -ാം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ മനരിക്കല്‍ അശ്‌റഫ് , ബൂത്ത് പ്രസിഡണ്ടും വാര്‍ഡ് കമ്മിറ്റി ട്രഷററുമായ മനോല അലി എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി മലപ്പുറം ഡി.സി.സി.പ്രസിഡന്റ് വി.വി പ്രകാശിന്റെ കത്തുവന്നത്.

കഴിഞ്ഞ മാസം ഒമ്പതിന് ഇവര്‍ രാജിക്കത്ത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയതാണ്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നതിനാല്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി അറിയിച്ചു കൊണ്ട് ഡി.സി.സി പ്രസിഡണ്ട് ഈ മാസം അഞ്ചിനാണ് ഇവര്‍ക്ക് കത്ത് അയച്ചിട്ടുള്ളത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും പരസ്യമായി വാര്‍ഡില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്ത ആളെയാണ് ഇവിടെ ഈ തവണ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളതെന്നാണ് ഈ വിഭാഗത്തിന്റെ പരാതി. വാര്‍ഡ് കമ്മിറ്റി കൂടാതെയും വാര്‍ഡിലെ പ്രവര്‍ത്തകരുടേയും ഘടക കക്ഷികളുടേയും അഭിപ്രായം മാനിക്കാതെയും കൂടി ആലോചിക്കാതെയുമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളത്.

കെ.പി.സി.സി യുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ റിബല്‍ പ്രവര്‍ത്തനം നടത്തിയ വ്യക്തിയെ തങ്ങള്‍ അംഗീകരിക്കില്ല എന്നും മണ്ഡലം കമ്മിറ്റിയേയും ജില്ലാകമ്മിറ്റിയേയും ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നു. മനരിക്കല്‍ അശ്‌റഫ്, മഹിളാ കോണ്‍ഗ്രസ് നേതാവും നിലവിലെ ഡിവിഷന്‍ കൗണ്‍സിലറുമായ നുസൈബ കൊളത്തുമാട്ടില്‍, ബൂത്ത് പ്രസിഡന്റും വാര്‍ഡ് ട്രഷററുമായ അലി മനോല, വാര്‍ഡ് ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ അബ്ദുസ്സലാം ഹാജി, കര്‍ഷക കോണ്‍ഗ്രസ് നേതാവ് ഇല്ലിക്കല്‍ ആലിക്കുട്ടി ഹാജി തുടങ്ങിയ ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുമാണ് രാജിവെക്കുന്നതായി അറിയിച്ചിരുന്നത് .എന്നാല്‍ രാജി വെച്ച് ഒരു മാസം പിന്നിട്ടശേഷം തങ്ങളെ സസ്‌പെന്റ് ചെയ്ത നടപടി വിരോധാഭാസമാണെന്ന് ഇവര്‍ പ്രതികരിച്ചു.

Sharing is caring!