മലപ്പുറത്തെ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി

മലപ്പുറത്തെ  മാവോയിസ്റ്റ് ഭീഷണിയുള്ള  ബൂത്തുകളില്‍  ഡി.ഐ.ജിയുടെ  നേതൃത്വത്തില്‍  സന്ദര്‍ശനം നടത്തി

എടക്കര: മലപ്പുറത്തെ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍
സന്ദര്‍ശനം നടത്തി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ കേരള-തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വഴിക്കടവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ബൂത്തുകളിലാണ് ബുധനാഴ്ച വൈകിട്ട് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ എ.എസ്.പി എം. ഹേമലത, വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുല്‍ ബഷീര്‍ എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചത്.

ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ മാവോവാദി സാന്നിധ്യമുള്ള 87 ബൂത്തുകളാണ് പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. മാവോവാദി സാന്നിധ്യമുള്ള എടക്കര, പോത്തുകല്‍, വഴിക്കടവ്, കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, അരീക്കോട്, നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ബൂത്തുകളാണിത്. നാല് വര്‍ഷം മുമ്പാണ് മേഖലയിലെ പടുക്ക വനത്തില്‍ മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.

ഇതിന് പുറമെ പാലക്കാട് മഞ്ചക്കണ്ടിയിലും വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിലും വെടിവെയ്പുണ്ടാവുകയും മാവോവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാതലത്തില്‍ വോട്ടെടുപ്പ് ദിവസം പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പൊലീസ് സംഘം പരിശോധന നടത്തിയത്. സംസ്ഥാനത്തൊട്ടാകെയുള്ള മലയോര മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ നേരിട്ട് കണ്ട് വിലയിരുത്താനും വീഴ്ചയില്ലാത്തവിധം സുരക്ഷയൊരുക്കുന്നതിനുമാണ് സന്ദര്‍ശനമെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ പറഞ്ഞു. വോട്ടെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. വൈകിട്ട് തണ്ണിക്കടവ് എ.യു.പി സ്‌കൂള്‍, നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മരുത ഗവ. ഹൈസ്‌കൂള്‍, കാഞ്ഞിരത്തിങ്ങല്‍ മദ്‌റസ, വഴിക്കടവ്, ആനമറി, പൂവത്തിപ്പൊയില്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലും സംഘം സന്ദര്‍ശനം നടത്തി. ജില്ലയിലെ മറ്റു പ്രശ്‌നബാധിത ബൂത്തുകളിലും സന്ദര്‍ശനം നടത്തുമെന്ന് ഡി.ഐ.ജി പറഞ്ഞു.

Sharing is caring!