മരിച്ചാലും വേണ്ടിയില്ല ഇനി തെരഞ്ഞെടുപ്പ് ഗോദയിലെന്ന് ആര്യാടന്‍

മരിച്ചാലും വേണ്ടിയില്ല ഇനി തെരഞ്ഞെടുപ്പ്  ഗോദയിലെന്ന് ആര്യാടന്‍

നിലമ്പൂര്‍: മരിച്ചാലും വേണ്ടിയില്ല ഇനി തെരഞ്ഞെടുപ്പ് ഗോദയിലെന്ന് ആര്യാടന്‍ മുഹമ്മദ്. കോവിഡ് മഹാമാരിയില്‍ പൊതുപരിപാടികള്‍ ഉപേക്ഷിച്ച് എട്ടുമാസം വീട്ടില്‍കഴിഞ്ഞ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് തെരഞ്ഞൈടുപ്പ് പ്രചരണത്തില്‍ സജീവമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പര്യടനത്തിലാണ് കോവിഡ് ഭീതിപോലും അവഗണിച്ച് ആര്യാടനെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലിരിക്കാനാവില്ലെന്നും മരിച്ചാലും പ്രശ്നമില്ലെന്ന് മാസ് ഡയലോഗോടെയായിരുന്നു ആര്യാടന്റെ രംഗപ്രവേശം.
എടക്കരയിലെ യോഗത്തില്‍ കരിമ്പുഴ വന്യജീവി സങ്കേതമാക്കിയതിനെതിരെ ആഞ്ഞടിച്ചായിരുന്നു തുടക്കം. ഷര്‍ട്ടിന്റെ കോളര്‍ പിന്നിലേക്കു വലിച്ച് വേദിയിലും സദസിലും ആവേശം വിതറി തനത് ശൈലിയിലായിരുന്നു പ്രസംഗം. ഇപ്പോ കാറ്റാടി പാലത്തിന്റെ അടുത്തുവരെ കാട്ടാന എത്തിയില്ലേ എന്ന് ചോദ്യമെറിഞ്ഞു. അതേയെന്ന് നാട്ടുകാര്‍ തലയാട്ടി. അങ്ങാടിയില്‍ വരെ കാട്ടുപന്നികളെത്തുന്നു. മലയോരത്ത് കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായില്ലേ എന്ന രണ്ടാമത്തെ ചോദ്യത്തിനും ശരിവെച്ചുള്ള തലയാട്ടലായിരുന്നു മറുപടി.
നാലര വര്‍ഷത്തെ ഭരണം കൊണ്ട് പി.വി അന്‍വര്‍ എം.എല്‍.എയും സര്‍ക്കാരും കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപിച്ചതാണ് വലിയ നേട്ടമായി ചിത്രീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തല്‍. താന്‍ എം.എല്‍.എയായിരിക്കെ കര്‍ഷരെ ജീവിക്കാന്‍ കഴിയാത്തവിധം ദുരിതത്തിലാക്കുന്ന കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്.
വി.എസ് സര്‍ക്കാരിന്റെ കാലത്ത് നിലമ്പൂരില്‍ അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം വളിച്ചുചേര്‍ത്ത കര്‍ഷകരുടെ യോഗത്തിന്റെ എന്റെ ശവത്തില്‍ ചവിട്ടിയല്ലാതെ കരിമ്പുഴ വന്യജീവി സങ്കേതമാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രഖ്യാപിച്ചത്. യോഗത്തിലെ കര്‍ഷകരും നിലമ്പൂരിലെ ജനങ്ങളും ആ നിലപാടിനൊപ്പം നിന്നും. നിയമസഭയിലും ഇക്കാര്യം ഞാന്‍ ഉന്നയിച്ചു. ഇതോടെ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. കര്‍ഷകരെയോ ജനങ്ങളെയോ അറിയിക്കാതെയാണിപ്പോള്‍ കരിമ്പുഴ വന്യജീവി സങ്കേതമാക്കിയിരിക്കുന്നത്. വന്യമൃഗങ്ങളെ സംരക്ഷിക്കുമ്പോള്‍ കര്‍ഷകരുടെ ജീവനും വിളകള്‍ക്കും വിലയില്ലാത്ത അവസ്ഥയാണ്. വന്യജീവി സങ്കേതത്തിന്റെ 10 കിലോ മീറ്റര്‍ ബഫര്‍ സോണാക്കുന്നതോടെ കര്‍ഷകരും ജനങ്ങളും കുടിയൊഴിയേണ്ട ദുരിതമാണെന്നും ആര്യാടന്‍ പറഞ്ഞു. വാട്സാപ്പില്‍ പലരും പലതും പറയും അതൊന്നും കാര്യമാക്കേണ്ട. അവരോട് ഒന്നേ പറയാനുള്ളൂ നമുക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കാണാം. ആര്യാടന്‍ പറഞ്ഞു നിര്‍ത്തിയതോടെ കരഘോഷമായി.
ആര്യാടന്‍ ഉയര്‍ത്തിയ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും പ്രസംഗം. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മാന്യമായ നഷ്ടപരിഹാരംപോലും നല്‍കാതെ സര്‍ക്കാര്‍ കര്‍ഷരെ വഞ്ചിക്കുകയാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കുമ്പോള്‍ കര്‍ഷകരുടെ ജീവന് വിലയില്ലാത്ത അവസ്ഥയാണെന്നും കുറ്റപ്പെടുത്തി. എടക്കരക്ക് പിന്നാലെ നിലമ്പൂര്‍ ചന്തക്കുന്നിലെ യു.ഡി.എഫ് പ്രചരണ യോഗത്തിലും ആര്യാടന്‍ പങ്കെടുത്തു.
കഴിഞ്ഞ മാര്‍ച്ച് 19നാണ് ആര്യാടന്‍ മുഹമ്മദ് അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്. 85 വയസ് പിന്നിട്ടെന്നും ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്നും പ്രമേഹവും രക്തസമ്മര്‍ദ്ദമടക്കമുള്ള അസുഖങ്ങളുള്ളതിനാല്‍ കോവിഡ് കാലത്ത് പുറത്തിറങ്ങരുതെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പാലിക്കുകയായിരുന്നു ഇതുവരെ. വീട്ടിലായിരുന്നതുകൊണ്ട് ഷര്‍ട്ട്പോലും ഇട്ടിരുന്നില്ല. ആര്യാടന്‍ പുറത്തിറങ്ങിയിരുന്നില്ലെങ്കിലും ചര്‍ച്ചയും കൂടിയാലോചനകളുമായി നേതാക്കളും പ്രവര്‍ത്തകരും സദാസമയം ആര്യാടന്‍ ഹൗസിലെത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം തീര്‍ത്ത് യു.ഡി.എഫായി ഒന്നിച്ച് മത്സരിക്കാനുള്ള കളമൊരുക്കിയതെല്ലാം ആര്യാടന്‍ ഇടപെട്ട ചര്‍ച്ചകളിലൂടെയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചതോടെ ഇനി വീട്ടില്‍ അടങ്ങിയിരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് നിലമ്പൂര്‍ക്കാരുടെ കുഞ്ഞാക്കയായ ആര്യാടന്‍ മുഹമ്മദ് പ്രചരണത്തിനിറങ്ങിയത്.
35 വര്‍ഷം നിലമ്പൂരില്‍ നിന്നും എം.എല്‍.എയായ ആര്യാടന്‍ നാലു തവണ മന്ത്രിയുമായിട്ടുണ്ട്. 1952ലെ അസംബ്ലി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പതിനേഴാം വയസ് മുതല്‍ ആര്യാടന്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ് .പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി ചാത്തുക്കുട്ടി നായരും ദ്വയാംഗമണ്ഡലത്തിലെ അസംബ്ലി സ്ഥാനാര്‍ത്ഥികളായി ഇബ്രാഹിം സാഹിബ് ( മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ സഹോദരന്‍), കണ്ണൂര്‍ നിവാസിയും പിന്നെ കേരളത്തിലെ മന്ത്രിയും പാര്‍ലമെന്റ് അംഗവുമെല്ലാമായ കെ. കുഞ്ഞമ്പുവുമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നത്. ഇവര്‍ക്കു വേണ്ടിയാണ് ആദ്യമായി വിദ്യാര്‍ത്ഥിയായ ആര്യാടന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. പിന്നീട് 1954ലെ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വീടുവീടാന്തരമുള്ള പ്രചരണത്തിലും ചെറിയ യോഗങ്ങളില്‍ പ്രാസംഗികനായി. തുടര്‍ന്ന് കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ആര്യാടന്‍ നിറസാന്നിധ്യമാണ്.

Sharing is caring!