വോട്ടിങ് യന്ത്രം: മലപ്പുറം ജില്ലയില്‍ വിതരണത്തിനുള്ള സമയക്രമം നിശ്ചയിച്ചു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണത്തിനും കാന്‍ഡിഡേറ്റ് സെറ്റിങിനും (വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പതിക്കല്‍) സമയക്രമം നിശ്ചയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. ഡിസംബര്‍ 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. ഡിസംബര്‍ 10, 11 തീയതികളില്‍ കാന്റിഡേറ്റ് സെറ്റിങ് നടത്തും. വോട്ടിങ് യന്ത്രവും പോളിങ് സാധനങ്ങളും ഡിസംബര്‍ 13ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും തിരികെ വാങ്ങുന്നതിനുമുള്ള ചുമതല പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ അതത് സെക്രട്ടറിമാര്‍ക്കുമാണ്. വരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും കാന്റിഡേറ്റ് സെറ്റിങ് നടത്തുക. രണ്ടുപേര്‍ വീതമുള്ള സംഘത്തെയാണ് കാന്റിഡേറ്റ് സെറ്റിങിനായി നിയോഗിക്കുന്നത്. ഓരോ സംഘത്തിനും നിശ്ചിത എണ്ണം വാര്‍ഡുകളുടെ ചുമതല ഓരോ ദിവസവും നല്‍കും. കാന്റിഡേറ്റ് സെറ്റിങ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അതത് വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. പോളിങ് സാധനങ്ങളുടെ കിറ്റും വോട്ടിങ് യന്ത്രങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച വാഹനങ്ങളില്‍ വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഓരോ ബൂത്തിലേക്കും എത്തിക്കും. വിതരണ – സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെയും റൂട്ട് ഓഫീസര്‍മാരെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി നിയമിക്കും. ഈ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു ഉറപ്പാക്കും.
വോട്ടര്‍ ബോധവത്കരണം: ഡമ്മി ബാലറ്റ് പേപ്പറും
ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കാം
സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂനിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല് ബാലറ്റ് പേപ്പറിനോട് സാമ്യമുണ്ടാകാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തുകള്‍ക്ക് ആകാശ നീലയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മീഷന് നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ വെള്ള, നീല, പിങ്ക് നിറങ്ങളൊഴികെയുള്ള നിറങ്ങളില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം. ഒരു സ്ഥാനാര്‍ത്ഥി തന്റെ പേര് ബാലറ്റ് പേപ്പറില്‍ എവിടെ വരുമെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസമില്ല. എന്നാല്‍ അതേ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഉണ്ടാകാന്‍ പാടില്ല. യഥാര്‍ത്ഥ ബാലറ്റു യൂനിറ്റുകളുടെ പകുതി വലിപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റു യൂനിറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് യഥാര്‍ത്ഥ ബാലറ്റു യൂനിറ്റുകളുടെ നിറത്തിലാകാന്‍ പാടില്ല.
ബാലറ്റ് പേപ്പര്‍ അച്ചടി പുരോഗമിക്കുന്നു
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെയും വോട്ടിങ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ പുരോഗമിക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലും ആണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്. ഓരോ പോളിങ് സ്റ്റേഷനുകള്‍ക്കും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ പതിപ്പിക്കുന്നതിനായി അഞ്ച് ബാലറ്റ് ലേബലുകള്‍, ടെന്‍ഡേഡ് വോട്ടിനായുള്ള 15 ബാലറ്റ് പേപ്പറുകള്‍ എന്നിവ അച്ചടിക്കും. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്ക്കുമുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടിനായി കൂടുതലായി വരുന്ന ബാലറ്റ് പേപ്പറുകള്‍ അതത് പ്രദേശങ്ങളിലെ വരണാധികാരികള്‍ നിര്‍ണയിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ അച്ചടിക്കും. തമിഴ് / കന്നഡ ഭാഷാ ന്യൂന പക്ഷങ്ങളുള്ള പ്രദേശങ്ങളില്‍ ആ ഭാഷകളില്‍കൂടി ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കും. പാലക്കാട്, മലപ്പുറം ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും ഷൊര്‍ണ്ണൂര്‍ ഗവ.പ്രസ്സിലാണ് അച്ചടിക്കുന്നത്.
പോളിങ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ
ബ്ലോക്ക് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണം
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ തങ്ങള്‍ താമസിക്കുന്ന വാര്‍ഡ് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]