ലീഗ് പുറത്താക്കിയ സ്ഥാനാര്‍ഥി ഒതുക്കുങ്ങലില്‍ കോണി ചിഹ്നത്തില്‍ മത്സരിക്കുന്നു

മലപ്പുറം: ലീഗ് പുറത്താക്കിയ സ്ഥാനാര്‍ഥി ഒതുക്കുങ്ങലില്‍ കോണി ചിഹ്നത്തില്‍ മത്സരിക്കുന്നു.
മൂന്നു തവണ ജനപ്രതിനിധിയായവര്‍ മത്സര രംഗത്തു നിന്നു മാറി നില്‍ക്കണമെന്ന് മുസ്ലിം ലീഗ്നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മത്സരക്കുന്നവരെയും പാര്‍ട്ടി വിമതരേയും കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ പുറത്താക്കിയ പി.ടി.കുഞ്ഞലവിക്കുട്ടിയാണ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോണി അടയാളത്തില്‍ മത്സരിക്കുന്നത്. ഇദ്ദേഹം ഇതിനു മുമ്പു മൂന്നു തവണ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ തന്നെ ജനപ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1995മുതല്‍ വിവിധ കാലയളവിലായി 19, 20, 11 എന്നീ വാര്‍ഡുകളില്‍ നിന്നാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒതുക്കുങ്ങല്‍ ഡി വിഷനില്‍ ലീഗിനെതിരെ വിമതനായി മത്സരിച്ചതിന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ഇദ്ദേഹത്തെ ഒന്നര വര്‍ഷം കഴിഞ്ഞാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ വിജയിച്ച വാര്‍ഡ് പിടിച്ചെടുക്കുന്നതിനായ് പഠിച്ച പണി പതിനെട്ടും പയറ്റിയാണ് ലീഗ് മാസക്കള്‍ക്കു മുമ്പേ പത്താം വാര്‍ഡില്‍ രംഗത്തെത്തിരുന്നു. വാര്‍ഡു തിരിച്ചു പിടിക്കാന്‍ പി.ടി. കുഞ്ഞലവിക്കുട്ടി തന്നെ മത്സരിക്കണമെന്ന പഞ്ചായത്ത് കമ്മിറ്റിയുടെ കണ്ടെത്തലാണ് നേതൃത്വത്തെ അവഗണിച്ച് നാലാം ഊഴത്തിനായി വാര്‍ഡിലിറക്കിയതെന്നാണ് വിവരം. വിഷയം അവതരിപ്പിച്ചാല്‍ ജില്ലാകമ്മിറ്റി ഇക്കാര്യം അംഗികരിക്കുമെന്ന പഞ്ചായത്ത് കമ്മിയുടെ പ്രതീക്ഷ പക്ഷെ തെറ്റിപ്പോയി. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ വ്യക്തി പാര്‍ട്ടി അടയാളത്തില്‍ മത്സരിക്കുന്നതില്‍ അണികളില്‍ ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന ജില്ലാ കമ്മിറ്റികളെ കബളിപ്പിച്ചു പഞ്ചായത്തു കമ്മിറ്റി പാര്‍ട്ടി അടയാളം നേടികൊടുക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Sharing is caring!