കോണ്‍ഗ്രസിനെ ഇലായ്മ ചെയ്യലാണ് കോട്ടക്കലില്‍ ലീഗിന്റെ ലക്ഷ്യം: സിപിഎം

കോട്ടക്കല്‍: മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ മുഖ്യഘടക കക്ഷിയായ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യലാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്നും ഇതില്‍ പ്രതിഷേധമുള്ള യു ഡി എഫ് പ്രവര്‍ത്തകര്‍ കൂടി ഇത്തവണ മുസ്ലിം ലീഗിനെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തെ സഹായിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടക്കല്‍ മുനിസിപ്പല്‍ കണ്‍വീനര്‍ എന്‍ പുഷ്പരാജന്‍ പറഞ്ഞു. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ 32 വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്. ഇത്തവണ സംവരണ സീറ്റിന് പുറമെ രണ്ടു ജനറല്‍ സീറ്റുകളിലാണ് ഇടതുപക്ഷം ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. ഇത്തവണ കോട്ടക്കല്‍ മുനിസിപ്പല്‍ ഭരണം ഇടതുപക്ഷ മുന്നണി സ്വന്തമാക്കുമെന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച മുനിസിപ്പാലിറ്റിയായി കോട്ടക്കലിനെ ഉയര്‍ത്തുമെന്നും ലോക്കല്‍ സെക്രട്ടറി ഇ ആര്‍ രാജേഷ് പറഞ്ഞു. ചടങ്ങില്‍ ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ഘടകകക്ഷി നേതാക്കള്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

Sharing is caring!