ആളില്ലാത്ത വീടുകള്‍ കയറി മോഷണം പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ മറ്റൊരു മോഷണ കേസിനും തുമ്പായി

ആളില്ലാത്ത വീടുകള്‍  കയറി മോഷണം പ്രതിയുമായി തെളിവെടുപ്പ്  നടത്തുന്നതിനിടെ മറ്റൊരു  മോഷണ കേസിനും തുമ്പായി

എടക്കര: ആളില്ലാത്ത വീടുകള്‍ കയറി മോഷണം പതിവാക്കിയ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ മറ്റൊരു മോഷണ കേസിനും തുമ്പായി.വഴിക്കടവ് പൂവ്വത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്ബറിനെയാണ്(52) വടപുറത്തും ചന്തക്കുന്നിലുമെത്തിച്ച് ഇന്നു പോലീസ് തെളിവെടുത്തത്.കഴിഞ്ഞ ജൂലൈ 26 ന് വടപുറത്ത് തോന്നക്കര സാജു ജോസഫ് എന്ന അധ്യാപക ദമ്പതികളുടെ വീട്ടില്‍ വാതില്‍ വെട്ടിപൊളിച്ച് മോഷണശ്രമം നടത്തിയിരുന്നു. പേരാമ്പ്രയിലെ കുടുംബ വീട്ടില്‍ വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയ സാജുവും ഭാര്യയും വീടിന്റെ വാതിലും അലമാരകളും തകര്‍ത്തത് ഭീതിയോടെയാണ് കണ്ടത്.തുടര്‍ന്ന് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. മറ്റൊരു കേസില്‍ കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വടപുറത്തെ മോഷണക്കുറ്റം എറ്റത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഒക്ടോബര്‍ 29-ന് ചന്തക്കുന്ന് മാട്ടുമ്മല്‍ റുബീനയുടെ വീട്ടില്‍ ആളില്ലാത്ത നേരത്ത് വാതില്‍ കുത്തിപ്പൊളിച്ച് കടന്ന് മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു. ഒരു കമ്മലും 1000 രൂപയുമാണ് ഇവിടെ നിന്ന് മോഷ്ടിച്ചത്.
അധ്യാപക ദമ്പതികളുടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ബാങ്ക് ലോക്കറിനായതിനാല്‍ മോഷ്ടാവിന് ഒന്നും ലഭിച്ചിരുന്നുമില്ല.എന്നാല്‍ പതിനായിരങ്ങള്‍ വിലമതിക്കുന്ന വാതിലും അലമാരകളും പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.വാതില്‍ കുത്തി പൊളിക്കാന്‍ അടുത്ത വീട്ടില്‍ നിന്നും മോഷ്ടിച്ച കോടാലി, കമ്പിപാറ, കൊടുവാള്‍ എന്നിവ ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരുന്നത് പ്രതി പോലീസിന് കാണിച്ചു കൊടുത്തു.മലപ്പുറം,കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും ഇയാള്‍ സമാന രീതിയില്‍ മോഷണം പതിവാക്കിയിരുന്നതായി പോലീസ് പറയുന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ വീണ്ടും കോടതിയിലെത്തിച്ച് റിമാന്റ് ചെയ്തു.നിലമ്പൂര്‍ സി ഐ ടി എസ് ബിനുവിന്റെ നേതൃത്വത്തില്‍ എസ് ഐ എം അസൈനാര്‍, എ എസ് ഐ മുജീബ്, എസ് സി പി ഒ വാഷിദ്, സി പി ഒ മാരായ ധനേഷ്, നൗഷാദ്, ബാബുരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി മലപ്പുറം, പാലക്കാട്, കോഴിക്കോട്, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളില്‍ വിവിധ മോഷണ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Sharing is caring!