ജില്ലയിലെ 26,871 പോസ്റ്ററുകളും 1719 ഫളക്സ് ബോര്‍ഡുകളും നീക്കം ചെയ്തു
മലപ്പുറം: പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനായി രൂപീകരിച്ച ആന്റി ഡിഫേഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന തുടരുന്നു. പെരിന്തല്‍മണ്ണ, ഏറനാട്, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി എന്നീ താലൂക്കുകളിലും കെ.എസ്.ഇ.ബി, പിഡബ്ല്യൂഡി കെട്ടിടങ്ങള്‍ റോഡുകള്‍, പാലങ്ങള്‍, എന്‍.എച്ച് അതോറിറ്റി, ഡി.ഡി പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ വകുപ്പുകളുടെ കീഴില്‍ വരുന്ന സ്ഥലങ്ങളിലുമായി ഇതുവരെ വിവിധ തരത്തിലുള്ള 26,871 പോസ്റ്ററുകള്‍ മാറ്റി. 1301 കൊടികളും 934 ബാനറുകളും ഇവിടെ നിന്നും അഴിച്ചുമാറ്റി. പൊതു ഇടങ്ങളില്‍ നിന്നായി 1,537 ഫ്ളക്സ് ബോര്‍ഡുകളും സ്വകാര്യയിടങ്ങളില്‍ നിന്നായി 182 ഫ്ളക്സുകളുമായി 1719 ഫ്ളക്സ് ബോര്‍ഡുകളാണ് ഇതുവരെ നീക്കിയിരിക്കുന്നത്. 16936.5 സ്ക്വയര്‍ ഫീറ്റിലെ കരിഓയില്‍ പ്രചരണവും വിവിധയിടങ്ങളില്‍ നിന്നായി നീക്കി.
തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍, നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിങ്ങനെ നഗരസഭകള്‍ കേന്ദ്രീകരിച്ചും സ്ക്വാഡ് പരിശോധന നടത്തി. 2436 പോസ്റ്ററുകളാണ് നഗരസഭകളില്‍ നിന്നായി മാറ്റിയത്. വിവിധ നഗരസഭകളില്‍ നിന്നായി 37 കിലോ തോരണങ്ങളും മാലകളും അഴിച്ചുമാറ്റി. തിരൂര്‍ നഗരസഭയില്‍ നിന്ന് രണ്ട് കൊടികളും നാല് ഫ്ളക്സ് ബോര്‍ഡുകളും 39 ബാനറുകളും ഇതോടൊപ്പം നീക്കം ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ നഗരസഭയില്‍ 10 കൊടികളും ഏഴ് ഫ്ളക്സ് ബോര്‍ഡുകളും നാല് ബാനറുകളുമാണ് മാറ്റിയത്. മലപ്പുറത്ത് നിന്ന് അഞ്ച് ബാനറുകളും കോട്ടക്കലില്‍ നിന്ന് മൂന്ന് ഫ്ളക്സ് ബോര്‍ഡുകളും താനൂരില്‍ നിന്ന് ഏഴ് കൊടികളുമാണ് മാറ്റിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്:
ഹരിത ചട്ടം കര്‍ശനമായി
പാലിക്കാന്‍ നിര്‍ദേശം
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കൈമാറി. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പകരം പുനരുപയോഗ സാധ്യതയുള്ള പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചാണ് കമ്മീഷന് ഉത്തരവ് പുറത്തിറക്കിയത്. പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു പോകുന്നതും പുന: ചക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് നിര്‍മിത പേപ്പറുകള്‍, നൂലുകള്‍, റിബണുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പ്രകൃതി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
വോട്ടടുപ്പിന് ശേഷം പോളിങ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടി അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കണം. പോളിങ് സ്റ്റേഷനുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് വോട്ടെണ്ണല്‍ ദിവസങ്ങളില്‍ പഴയതും ഉപയോഗശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കള്‍
പ്രത്യേകം നിക്ഷേപിക്കുന്നതിന് ഓരോ ക്യാരിബാഗുകള്‍ വീതം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ഉപയോഗിച്ച ബയോ മെഡിക്കല്‍ വേസ്റ്റുകളില്‍ മാസ്ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ തന്നെ അതത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് പരസ്യം നീക്കം ചെയ്ത് നശിപ്പിക്കയോ പുന: ചക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യണം. ഇവ നീക്കം ചെയ്തില്ലെങ്കില്‍ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുന്നതിനോ പുന: ചക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുന്നതിനോ നടപടി സ്വീകരിക്കും. ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഈടാക്കും.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]