ജീവിതംതന്നെ പോരാട്ടമാക്കിയ സ്ഥാനാര്‍ഥിയാണ് എടവണ്ണയിലെ സുനിത

ജീവിതംതന്നെ  പോരാട്ടമാക്കിയ  സ്ഥാനാര്‍ഥിയാണ് എടവണ്ണയിലെ  സുനിത

മലപ്പുറം: ജീവിതംതന്നെ പോരാട്ടമാക്കിയ സ്ഥാനാര്‍ഥിയാണ് എടവണ്ണയില്‍ യു.ഡി.എഫിനായി മത്സരിക്കുന്ന
സുനിത. മൂന്നു പെണ്‍മക്കളെയും തന്നെയും തനിച്ചാക്കി ഭര്‍ത്താവ് മധുസൂദനന്‍ മരണപ്പെട്ടപ്പോള്‍ ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് മക്കളുടെ മുഖം ആലോചിച്ചപ്പോള്‍ തളര്‍ന്നിരിക്കാന്‍ സുനിതക്ക് കഴിഞ്ഞില്ല. ഇതോടെ ആദ്യം പതറിപ്പോയെങ്കലും പിന്നെ മക്കളെ പോറ്റാന്‍ ചങ്കുറപ്പോടെ മുന്നോട്ട് കാലെടുത്തുവെച്ചു. എടവണ്ണയിലെ ഈ യു.ഡി.എഫ് സ്ഥാനാര്‍ഥി രാവിലെ 10മണിവരെ പ്രചരണം നടത്തി ബാക്കി സമയം കുടുംബം പോറ്റാന്‍ മഞ്ചേരിയിലെ ഷോപ്പില്‍ ജോലിചെയ്യുകയാണ്. എസ് എസ് എല്‍ സി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള വി.കെ സുനിതയെന്ന ഈ 36കാരിക്ക് കുട്ടിക്കാലത്ത് പിതാവ് ഉപേക്ഷിച്ചു പോയതിന് ശേഷം മൂന്നു പെണ്‍മക്കളടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ അമ്മ വിജയകുമാരി അനുഭവിച്ച യാതന നേരിട്ടറിവുള്ളതാണ്. 2002ലായിരുന്നു സുനിതയുടെ വിവാഹം. ഭര്‍ത്താവിന്റെ മരണശേഷം ഒരു വര്‍ഷത്തോളം ഇരുട്ടില്‍ ജീവിതം തള്ളി നീക്കി. നിലവില്‍ എടവണ്ണ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് വി കെ സുനിതാ മധുസൂദനന്‍. രാവിലെ പത്തുമണി വരെ വാര്‍ഡില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളില്‍ കയറിയിറങ്ങുന്ന സുനിത വൈകീട്ട് അഞ്ചു മണി വരെ മഞ്ചേരിയിലെ സ്ഥാപനത്തില്‍ ഗ്രാഫിക്‌സ് ജോലികളില്‍ മുഴുകുകയാണ്. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും വൃദ്ധമാതാവിനെയും സംരക്ഷിക്കുന്നതിനായി ചാവി മേക്കിംഗ്, സീല്‍ നിര്‍മ്മാണം, സി ഡി റൈറ്റിംഗ്, ലാമിനേഷന്‍, ഫോട്ടോസ്റ്റാറ്റ്, സെന്‍സര്‍ കീ പ്രോഗ്രാമിംഗ് തുടങ്ങി കൈത്തൊഴിലുകളുടെ ഒരു നീണ്ട നിരതന്നെ വശമാക്കിയിട്ടുണ്ട്. ജോലിക്കിടെയും വാര്‍ഡില്‍ തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നവരുമായി ഫോണില്‍ ആശയവിനിമയം നടത്തുന്നു. നാട്ടുകാരുടെ ഏതു പ്രശ്‌നങ്ങളിലും സജീവമായി മുന്നിട്ടിറങ്ങിയിരുന്ന മധുസൂദനന്റെ ഒരു പറ്റം സുഹൃത്തുക്കള്‍ സുനിതക്കു വേണ്ടി വാര്‍ഡില്‍ സജീവമാണ്. സുനിതയുടെ ഈ പോരാട്ടം സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്.

Sharing is caring!