മലപ്പുറം ജില്ലയില്‍ മത്സര രംഗത്തുള്ളത് 8,387 സ്ഥാനാര്‍ത്ഥികള്‍

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികകളിലെ സൂക്ഷ്മ പരിശോധനയും പിന്‍വലിക്കലും പൂര്‍ത്തിയാക്കിയതോടെ മത്സര രംഗത്ത് തുടരുന്നത് 8,387 സ്ഥാനാര്‍ത്ഥികള്‍. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി അംഗീകരിച്ച 13,970 പത്രികകളില്‍ 5,583 പത്രികകളാണ് പിന്‍വലിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് 82 പുരുഷന്മാരും 63 സ്ത്രീകളുമുള്‍പ്പടെ 145 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 59 പേരാണ് മത്സര രംഗത്ത് നിന്ന് പിന്മാറിയത്.

നഗരസഭകളില്‍ അംഗീകരിച്ച 2,488 പത്രികകളില്‍ 964 സ്ഥാനാര്‍ത്ഥികളാണ് നാമ നിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചത്. ഇതോടെ 1,524 പേരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 816 പേര്‍ പുരുഷന്മാരും 708 പേര്‍ വനിതകളുമാണ്. നഗരസഭകളിലേക്കുള്ള 17 നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്വീകരിച്ച 1,323 പത്രികകളില്‍ 484 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 20 സ്ഥാനാര്‍ത്ഥികളുടെ പത്രികളാണ് തള്ളിയത്. മത്സര രംഗത്തുള്ള 839 പേരില്‍ 455 പേര്‍ പുരുഷന്മാരും 384 സ്ത്രീകളുമാണ്.

ഗ്രാമ പഞ്ചായത്തുകളില്‍ 9,955 പത്രികകള്‍ വരണാധികാരികള്‍ സ്വീകരിച്ചതില്‍ 4,076 പേരാണ് പത്രികകള്‍ പിന്‍വലിച്ചത്. 5,879 പേരാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. ഇതില്‍ 3,033 പേര്‍ പുരുഷന്മാരും 2,846 പേര്‍ വനിതകളുമാണ്. ആകെ 121 നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്.

പൊതുസ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ എഴുത്തുകളും
പ്രചരണ ബോര്‍ഡുകളും നീക്കം ചെയ്യണം

പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും എഴുത്തുകള്‍ മായ്ക്കുകയും ചെയ്യണമെന്ന് സമിതി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള സമിതി നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. റോഡുകള്‍ കെട്ടിടങ്ങള്‍ എന്നിവ അടക്കമുളള പൊതു ഇടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, എഴുത്തുകള്‍ എന്നിവ അതത് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നീക്കം ചെയ്യണം. നീക്കം ചെയ്യാത്തവ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. ഇങ്ങനെ ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയില്‍ കൂടുതലായാല്‍ അയോഗ്യതക്ക് കാരണമാവും. ആന്റി ഡിഫേസ്മെന്റ് നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിന് എല്ലാ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ നോഡല്‍ ഓഫീസറായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജുവിനെ ചുമതലപ്പെടുത്തി.

യോഗത്തില്‍ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരിം, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, ഡി.ഡി.പി ഇ.എ രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

‘സ്വാഭിമാന്‍- അതിക്രമരഹിത ക്യാമ്പയിന്‍’
ഏകദിന പരിശീലനം സംഘടിപ്പിച്ചു

സ്വാഭിമാന്‍- അതിക്രമരഹിത ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ സാക്ഷരതാമിഷന്‍ പ്രേരക്മാര്‍ക്ക് ‘സ്നേഹാക്ഷരം’ എന്ന പേരില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ കുടുംബശ്രീമിഷന്‍, സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ്ഡെസ്‌ക്, ജില്ലാ സാക്ഷരതാ മിഷന്‍എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് അധ്യക്ഷനായി.

ലിംഗസമത്വം, ലിംഗ പദവി, ജന്‍ഡറും സെക്സും എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. ലിംഗ പദവി വിദ്യാഭ്യാസം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിട്ടുളളത്. ജില്ലയിലെ മുഴുവന്‍ പ്രേരക്മാരും പരിശീലനത്തില്‍ പങ്കെടുത്തു. സാക്ഷരതാ പഠിതാക്കള്‍ക്കും, പൊതുജനങ്ങള്‍ക്കും തുടര്‍ച്ചയായ പരിശീലനങ്ങള്‍ നല്‍കും. ഇന്ന് (നവംബര്‍ 25) എല്ലാ സാക്ഷരതാപ്രവര്‍ത്തകരും വീടുകളിലും തൊഴിലിടങ്ങളിലും സ്ത്രീസുരക്ഷ പ്രതിജ്ഞയെടുക്കും. സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സര്‍വീസ് പ്രോവൈഡര്‍ പ്രമീള പരിശീലനത്തിന് നേതൃത്വം നല്‍കി. കുടുംബശ്രീമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ (ജന്‍ഡര്‍) റൂബിരാജ,് ജില്ലാ സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!