‘സമൂസേ ചൂടുള്ള സമൂസ’ മഹറൂഫിന്റെ കച്ചവടം കേവലം നിത്യജീവിത ഉപജീവന വഴി മാത്രമല്ല പാവപ്പെട്ടവന്റെ കണ്ണീരൊപ്പലുംകൂടിയാണ്

‘സമൂസേ ചൂടുള്ള സമൂസ’ മഹറൂഫിന്റെ കച്ചവടം കേവലം നിത്യജീവിത  ഉപജീവന വഴി മാത്രമല്ല പാവപ്പെട്ടവന്റെ  കണ്ണീരൊപ്പലുംകൂടിയാണ്

മലപ്പുറം: പുലര്‍ക്കാലത്ത് ചൂടുള്ള സമൂസയുമായി മക്കരപറമ്പിലെ ഉള്‍ഗ്രാമങ്ങളിലെ വീടകങ്ങളിലെത്തുന്ന മഹറൂഫ് നാട്ടുകാര്‍ക്ക് ഏറെ സുപരിചിതനാണ്. മഹ്റൂഫിന്റെ ഉച്ചത്തിലുള്ള ‘സമൂസേ ചൂടുള്ള സമൂസ’ എന്ന വിളി കേള്‍ക്കാത്തവര്‍ കുറവായിരിക്കും. വറ്റലൂര്‍ സ്വദേശിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മഹറൂഫാണ് ആ വിളിച്ചു പറയലിന്റെ ഉടമ. കേവലം നിത്യജീവിത ഉപജീവന വഴി മാത്രമല്ല മഹറൂഫിന്റെ കച്ചവടം. വര്‍ഷങ്ങളായി പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള കൈകോര്‍ക്കലിന്റെ ഭാഗമാകുവാനാണ് എല്ലാ ദിവസവും പുലര്‍ച്ചെ സമൂസയുമായി വീട്ടുപടിക്കലില്‍ എത്തുന്നത്.
മഹറൂഫില്‍ നിന്ന് വാങ്ങുന്ന സമൂസയുടെ മൂല്യം നിര്‍ണയിക്കാനാവില്ല. തന്റെ നിത്യ ചെലവ് കഴിച്ച് ബാക്കിവരുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കും. സി എച്ച് സെന്റര്‍ പാലിയേറ്റീവ് കെയര്‍ ക്ലീനിക്കിലേക്കും പ്രളയം, മഹാമാരി തുടങ്ങിയവയില്‍ അവശത അനുഭവിക്കുന്നവര്‍ക്കുമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് സമൂസ വിറ്റു കിട്ടുന്ന തുകയുടെ ലാഭം നീക്കിവെക്കാറുള്ളത്. ആഴ്ചയില്‍ ഒരുദിവസം ഓരോ ഗ്രാമ ഇടവഴികളിലൂടെയും മഹറൂഫിന്റെ സ്‌കൂട്ടര്‍ നന്മ മരങ്ങളുടെ തണല്‍ തേടി എത്തുന്നുണ്ട്. നാട്ടിലെ സാധാരണ സമൂസ വ്യാപാരത്തിനപ്പുറം കരുണയുടെ ഉറവ വറ്റാത്ത മഹറൂഫിന്റെ മനസിന് ബിഗ് സല്യൂട്ട് നല്‍കാന്‍ നാട്ടുകാരും എല്ലാ ആഴ്ചയും വഴിയരികില്‍ കാത്തിരിക്കും.

Sharing is caring!