ഇന്ത്യക്ക്‌വേണ്ടി മെഡല്‍നേടിയ കുഞ്ഞന്‍ ഒളിമ്പ്യന്‍ മലപ്പുറം മേലാറ്റൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി

ഇന്ത്യക്ക്‌വേണ്ടി  മെഡല്‍നേടിയ  കുഞ്ഞന്‍ ഒളിമ്പ്യന്‍ മലപ്പുറം മേലാറ്റൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി

മലപ്പുറം: ഉയരംകുറഞ്ഞവരുടെ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍നേടിയ ആകാശ് മാധവ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയാണ്. മലപ്പുറം മേലാറ്റൂര്‍ സ്വദേശിയായ ആകാശ് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായാണ് ജനവിധി തേടുന്നത്. 2013ല്‍ അമേരിക്കയില്‍ നടന്ന ഉയരം കുറഞ്ഞവരുടെ ഒളിമ്പിക്‌സില്‍ ഷോട്പുട്ടില്‍ വെളളിയും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടിയ ആകാശ് 2017ല്‍ കാനഡയില്‍ നടന്ന മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു. സമൂഹത്തിലെ മുഖ്യ ധാരയില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു വിഭാഗത്തെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരാനുള്ള പ്രചോദനമാണ് താന്‍ ജനവിധി തേടുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആകാശ് മാധവ് പറയുന്നു. താന്‍ ഒളിമ്പിക്‌സില്‍ നേടിയ വിജയത്തിളക്കം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ആകാശ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു കുഞ്ഞന്‍ സ്ഥാനാര്‍ത്ഥി മത്സരത്തിനിറങ്ങുന്നത്് ആദ്യമായാണെന്നാണ് കരുതുന്നതെന്നും നേതൃസ്ഥാനത്തേയ്ക്ക് കടന്നുവരാന്‍ ഇതൊരു പ്രശ്‌നമല്ലെന്നുമാണ് ആകാശ് പറയുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് കഴിവ് തെളിയിക്കാന്‍ ജനങ്ങള്‍ അവസരം തരുമെന്നാണ് പ്രതീക്ഷ. തന്നെ എപ്പോഴും പിന്തുണച്ചവരാണ് മേലാറ്റൂരുകാര്‍. സ്നേഹവും വാത്സല്യവും തന്നു തോളിലേറ്റിയവരാണിവര്‍. ഇപ്രാവശ്യവും അവരെല്ലാം എന്റെ കൂടെ നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ മല്‍സരിക്കുന്നത് എന്നെപ്പോലെയുള്ളവര്‍ക്ക് പ്രാതിനിധ്യം ലഭിക്കുവാന്‍ വേണ്ടിയാണെന്നും ആകാശ് പറഞ്ഞു. താന്‍ സ്ഥാനാര്‍ഥിത്വം ഇത് ഒരു മാറ്റത്തിന് തുടക്കമാകും. ഇനിയും ഒരുപാട് പേരുണ്ട് ഒരു കൈസഹായം ലഭിച്ചാല്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരാന്‍ പറ്റുന്നവര്‍. എന്റെ സ്ഥാനാര്‍ഥിത്വം അങ്ങനെ പലതിനും വേണ്ടിയാണ്. എന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടത് നല്‍കാന്‍ ഒരു അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ആകാശ് വ്യക്തമാക്കി.

Sharing is caring!