കൊടിഞ്ഞി ഫൈസല്‍ വധം: ഇന്നേക്ക് നാല് ആണ്ട്

കൊടിഞ്ഞി  ഫൈസല്‍ വധം:  ഇന്നേക്ക് നാല് ആണ്ട്

തിരൂരങ്ങാടി : മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് ആണ്ട്. 2016 നവംബര്‍ 19 ാം തീയതി പുലര്‍ച്ചെ 05.05 മണിയോടെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫൈസല്‍ വെട്ടേറ്റു കൊല്ലപ്പെടുന്നത്. നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഭാര്യയും മൂന്ന് മക്കളും മതം മാറിയിരുന്നു. തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങളെ കൂടി മതപരിവര്‍ത്തനം നടത്താനുള്ള സാധ്യതയെ തുടര്‍ന്നുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ആര്‍.എസ്.എസ്. വി.എച്ച്.പി. പ്രവര്‍ത്തകരായ പ്രതികള്‍ ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് കൊലപ്പെടുത്തുകയും ചെയ്തത്. കേസില്‍ 16 പ്രതികളാണുണ്ടായിരുന്നത്. സംഭവദിവസം പുലര്‍ച്ചെ കൊടിഞ്ഞി പാലാപാര്‍ക്കിലുള്ള ക്വാട്ടേഴ്സ് പരിസരത്തുവെച്ച് നിരീക്ഷിക്കുകയും, സ്വന്തം ഓട്ടോയില്‍ താനൂര്‍ പോകുന്നതിനിടെ ബൈക്കുകളില്‍ പിന്തുടര്‍ന്ന് കൊല ചെയ്യുകയായിരുന്നു.
കേസിലെ രണ്ടാംപ്രതി ബിബിന്‍ തിരൂര്‍ പുളിഞ്ചോട് വെച്ച് കൊല്ലപ്പെട്ടിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജെയ്സണ്‍ കെ എബ്രഹാം സമര്‍പ്പിച്ച മുവ്വായിരത്തിലധികം പേജുളള കുറ്റപത്രത്തില്‍ 207 സാക്ഷികളും നൂറിലധികം മുതലുകളും, അത്രതന്നെ രേഖകളും തെളിവിലേക്കായി പോലീസ് ഹാജരാക്കി. തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍ അജിത് കുമാര്‍ (ഐ.പി.എസ്) ആണ് ലോക്കല്‍ പോലീസില്‍ നിന്നും മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സി.കെ. ബാബു, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജെയ്സണ്‍ കെ എബ്രഹാം, ഡി.വൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് പ്രതികള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.
സംഭവശേഷം ഫൈസലിന്റെ മാതാപിതാക്കളും സഹോദരിമാരും അവരുടെ മക്കളും മൂത്ത സഹോദരിയുടെ ഭര്‍ത്താവുമടക്കം പത്തോളം പേര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

Sharing is caring!