മലപ്പുറം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം

മലപ്പുറം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍  രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം കണ്ടെയിന്‍മെന്റ് സോണുകളില്‍  നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും  പാലിക്കണം

മലപ്പുറം: കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ ശാലകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നവംബര്‍ 15ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞാ നിയന്ത്രണങ്ങള്‍ ഒഴിവായ സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്. വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പ്രയാസങ്ങള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

കണ്ടെയിന്‍മെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍, ടീ – ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. ഭക്ഷണ പാര്‍സല്‍ സര്‍വ്വീസുകള്‍ക്ക് രാത്രി 10 മണിവരേയും അനുമതിയുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപന സാധ്യത തിരിച്ചറിഞ്ഞുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പൊന്നാനിയില്‍ ആന്റി ഡീഫേഴ്‌സ്‌മെന്റ്
സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി

തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മാതൃകപെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പൊന്നാനിയില്‍ ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേത്യത്വത്തില്‍ നാല് അംഗങ്ങള്‍ വീതമുള്ള രണ്ട് സ്‌ക്വാഡാണ് രൂപീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിക്കുന്നത് തടയാന്‍ സ്‌ക്വാഡുകളുടെ നിരീക്ഷണമുണ്ടാകും. പൊതുസ്ഥാപനങ്ങളുടെ മതിലുകള്‍, റോഡുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം, പോസ്റ്റര്‍, എഴുത്തുകള്‍, ചുമരെഴുത്തുകള്‍ എന്നിവ സ്‌ക്വാഡ് ഇടപെട്ട് നീക്കം ചെയ്യും. പെരുമാറ്റചട്ട ലംഘനം നടത്തിയവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സ്വന്തം ചെലവില്‍ അവ നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കുന്നതിന് ആന്റി ഡീഫേഴ്‌സ്‌മെന്റ് സ്‌ക്വാഡിന് അധികാരമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ സ്വമേധയാ നീക്കം ചെയ്തില്ലെങ്കില്‍ സ്‌ക്വാഡിന്റെ നേത്യത്വത്തില്‍ നീക്കം ചെയ്ത് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകീട്ട് അഞ്ചിന് മുമ്പ് സ്‌ക്വാഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം.

Sharing is caring!