ജര്‍മന്‍ ഡോക്ടര്‍ ഇറക്കിവിട്ട സുബൈറിപ്പോള്‍ ആരായി….

1994ജൂലൈ മാസം പതിനഞ്ചാം തീയതി അബുദാബിയില്‍ നിന്നും അല്‍ഐനിലേക്കുള്ള ടാക്‌സി യാത്ര. അല്‍ഖസ്‌ന (അബുദാബി അല്‍ ഐന്‍ അതിര്‍ത്തി) യിലെ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ഫാല്‍ക്കണ്‍ റിസര്‍ച്ച് ഹോസ്പിറ്റലില്‍ ജര്‍മന്‍ ഡോക്ടറുടെ മുന്നില്‍ മലപ്പുറം തിരൂര്‍ വാണിയന്നൂര്‍ സ്വദേശി ഇരിക്കുന്നു. ഫാല്‍ക്കണുകളെ മാത്രം ചികിത്സിക്കുന്ന ആ ആശുപത്രിയില്‍ എന്തെങ്കിലും ഒരു ജോലി അയാള്‍ അഭ്യര്‍ത്ഥിക്കുന്നു. രണ്ടു സന്ദര്‍ശക വിസകളിലായി 198ദിവസം യു.എ.ഇ. യില്‍ തങ്ങി. രണ്ടാമത്തെ സന്ദര്‍ശക വിസ തീരാന്‍ രണ്ടു ദിവസം മാത്രം ബാക്കി. അയാളുടെ ഉന്നത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ഡോക്ടര്‍ പറയുന്നു നിങ്ങള്‍ക്ക് തരാന്‍ ഇവിടെ ജോലിയില്ല. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളെ ഇവിടെ ആവശ്യമില്ല. ഇതുകേട്ട് അയാളില്‍ സങ്കടവും നിരാശയും ഉണ്ടായി. അവിടെ ഫാല്‍ക്കണുകളുമായി ചികിത്സയ്ക്ക് വന്ന അറബികളോട് ഈ വ്യോമ ചക്രവര്‍ത്തിയുടെ പ്രത്യേകതകള്‍ ചോദിച്ചറിഞ്ഞു. പൊടുന്നനെ ഒരു വാശി നിറഞ്ഞു. അത് ഒരു പ്രതിജ്ഞയായി. ഈ പക്ഷികളെക്കുറിച്ച് ഞാന്‍ പഠിക്കും, ഏറ്റവും ഉന്നതിയില്‍ ഉള്ള പഠനം അഥവാ ഡോക്ടറേറ്റ്, ജോലി തരാത്ത ആ ജര്‍മന്‍ ഡോക്ടറോട് ഉള്ള ഒരു വെല്ലുവിളിയെന്നോണമായിരുന്നു പിന്നീടു കുറച്ചുനാളത്തെ പ്രവര്‍ത്തനമെന്നും അന്ന് നിറ കണ്ണുകളോടെ ഫാല്‍ക്കന്‍ ഹോസ്പിറ്റലിന്റെ പടികളിറങ്ങിയ ഡോ. സുബൈര്‍മേടമ്മല്‍ പറയുന്നു. ടുവില്‍ ഫാല്‍ക്കണ്‍ എന്ന പ്രാപ്പിടിയന്‍ പക്ഷിയെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ഏഷ്യക്കാരനും
ഏക ഇന്ത്യക്കാരനുമായ ഡോ. സുബൈര്‍ മേടമ്മല്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി
ഫാല്‍ക്കണുകള്‍ക്ക് പിന്നാലെ തന്നെയാണ്. മേഖലയിലെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തി ഈകാലയളവിനുള്ള ഒത്തിരി അംഗീകാരങ്ങളും സുബൈറിനെ തേടിയെത്തി. അപൂര്‍വ ഗവേഷണധാരി എന്നത് കൂടാതെ ഇന്റര്‍ നാഷണല്‍ ഫാല്‍ക്കണെഴ്‌സ് ക്ലബ്ബിലെ അംഗത്വം, യു.എ.ഇ. ഫാല്‍ക്കണെഴ്‌സ് ക്ലബ്ബില്‍ അംഗത്വം ഉള്ള ഏക അനറബി, അമേരിക്കന്‍ ഫാല്‍ക്കണ്‍ ക്ലബ്, ഡബ്ല്യൂ.ഡബ്ല്യു.എഫ്, ബി.എന്‍.എച്ച്.എസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി ഒട്ടേറെ ദേശീയ അന്തര്‍ദേശീയ സംഘടനകളിലും അംഗത്വം, അറബ് ഹണ്ടിങ് ഷോയില്‍ പതിവായി രണ്ട് പതിറ്റാണ്ടോളം പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ഏക ഭാരതീയന്‍. ഫാല്‍ക്കണുകളെ കുറിച്ച് അറബി, ഇംഗ്ലീഷ്, മലയാളം, എന്നീ ഭാഷകളില്‍ ഡോക്യുമെന്ററി തയ്യാറാക്കി, 2003ല്‍ വിവിധ ഫാല്‍ക്കണുകളുടെ 15 തരം ശബ്ദം റെക്കോര്‍ഡ് ചെയ്തു സോണോഗ്രാം ആക്കിയ ഏക ശാസ്ത്രജ്ഞന്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍, കാലിക്കറ്റ് സര്‍വകലാശാലയും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയും സംയുക്തമായി നടത്തുന്ന അന്തര്‍ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോര്‍ഡിനേറ്റര്‍ തുടങ്ങിയ ബഹുമതികള്‍ക്കെല്ലാം ഇന്ന് സുബൈര്‍മേടമ്മല്‍ അര്‍ഹനാണ്. സ്വപ്നംകാണാനും അവലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനുമുള്ള ഡോ. എ.പി.ജെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ സുബൈറിന് പലപ്പോഴും പ്രചോദനമായിട്ടുണ്ട്.
ജോലി ലഭിക്കാതെ ഫാല്‍ക്കന്‍ ഹോസ്പിറ്റലിന്റെ പടികളിറങ്ങിയ സുബൈറിന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ മറ്റാരു ജോലി ശരിയായി. ഒരുപാട് കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഉണ്ടായിരുന്നു. അല്‍ ഐന്‍ ഡയറി ഫാമില്‍ ഒരു ജോലി കണ്ടെത്തി. രണ്ടു വര്‍ഷം ജോലിചെയ്തു കടങ്ങള്‍ വീട്ടി. സഹോദരന് അവിടെ തന്നെ ജോലി ശരിയാക്കുകയും ചെയ്തു. ആയിടെ താന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹൈസ്‌കൂളില്‍ പ്ലസ് ടു കിട്ടിയെന്ന് അറിഞ്ഞു. ഫാല്‍ക്കണിലേക്ക് എത്താനുള്ള ത്വര കൂടോഴിഞ്ഞില്ല. പ്ലസ് ടു ജോലിക്ക് ചേരാമല്ലൊ എന്നുകരുതി നാട്ടിലേക്ക് തിരിച്ചു പറന്നു. രണ്ട് ലക്ഷ്യമായിരുന്നു മനസ്സില്‍ ഒന്നാമതായി ഡോക്ടറേറ്റ്, രണ്ടാമതായി ജീവിക്കാനുള്ള ഒരു ജോലി.
നാട്ടിലെത്തി സ്‌കൂളില്‍ ജോലിക്ക് ചേര്‍ന്നു. ഒപ്പം താന്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ച കോളേജില്‍ ഗവേഷണത്തിനായി രജിസ്റ്റര്‍ ചെയ്തു. ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഫാല്‍ക്കനുകളെയും അവയുടെ ഉടമകളേയും കാണാന്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി യാത്രകള്‍.
കൃഷിക്കാരനായ പിതാവില്‍ നിന്നും മാതാവില്‍ നിന്നും ഉപദേശങ്ങള്‍ കിട്ടി നാട്ടിന്‍പുറത്തെ സാധാരണ സാഹചര്യങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന് ബഹുമതികള്‍ തൂവലാക്കി. വാണിയന്നൂരില്‍ ജനിച്ച സുബൈര്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും ഫറൂഖ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ബി.എഡും നേടി. തുടര്‍ന്ന് അക്കാലത്തെ ഏതൊരു യുവാവിനെയും പോലെ വിദഗ്ധ കമ്പ്യൂട്ടര്‍ പഠനം ലക്ഷ്യമാക്കി മുംബൈയിലെത്തി. സന്ദര്‍ശക വിസയില്‍ ദുബായിലേക്ക്. ജോലി ഒന്നും കിട്ടിയില്ല. പഠിക്കാനും ജീവിക്കാനും പണം കടംവാങ്ങി കൊണ്ടേയിരുന്നു. വിസ കാലാവധി തീരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് 1994ല്‍
അല്‍ ഐനിലേക്കുള്ള യാത്രയില്‍ ജോലിക്കുവേണ്ടി ആശുപത്രി സമീപിച്ചതും തിരിച്ചയക്കുന്നതും. അന്ന് ആശുപത്രിക്ക് മുമ്പില്‍ കാഴ്ചയില്‍ ഉന്നത ശ്രേഷ്ഠര്‍ എന്ന് തോന്നിക്കുന്ന സ്വദേശികളായ അറബികള്‍ തന്റെ ഫാല്‍ക്കണുകളെ കൈയ്യില്‍ വെച്ച് ചികിത്സക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ കയ്യില്‍ ബുര്‍ഖ കൊണ്ട് കണ്ണും വായയും മൂടി കെട്ടി കാലുകളും ബന്ധിച്ച് ഫാല്‍ക്കണുകളായിരുന്നു.
അവര്‍ ചികിത്സക്കായി ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയാണ്. ഇത് ഫാല്‍ക്കണുകളെ മാത്രം ചികിത്സിക്കുന്ന ആശുപത്രിയാണ്. കൗതുകം കൊണ്ട സുബൈറിനോട് ഒരു അറബി കാര്യങ്ങള്‍ വിശദീകരിച്ചു. ഈ പക്ഷിക്ക് ഒരു അസുഖം വന്നാല്‍ ഞങ്ങള്‍ സഹിക്കില്ല. ഭാര്യയോടും മക്കളോടും ഉള്ളതിനേക്കാള്‍ സ്‌നേഹമാണ് ഞങ്ങള്‍ക്ക് ഇവയോട്. ഇത് ഞങ്ങളുടെ അഭിമാനത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ സംസ്‌കാരവും പൈതൃകവും ആണ്. സുബൈറിന് കുറച്ചപ്പുറത്തായി ഫാല്‍ക്കനുകള്‍ക്ക് തീറ്റ കൊടുക്കുന്ന കീപ്പേഴ്‌സിനെ കാണാന്‍ കഴിഞ്ഞു. ഇവര്‍ ശ്രദ്ധാപൂര്‍വ്വം ഫാല്‍ക്കണുകളെ കൈകാര്യം ചെയ്യുന്നത് സുബൈറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ ഫാല്‍ക്കണുകളുടെ തലയില്‍ ബുര്‍ഖ (ഹുഡ്) വെച്ചത് കണ്ടപ്പോള്‍ സുബൈര്‍ അറബിയോട് അതിന്റെ കാരണം അന്വേഷിച്ചു. ഫാല്‍ക്കണുകള്‍ വളരെ ആക്രമണ സ്വഭാവം ഉള്ളവരാണെന്നും തൊട്ടടുത്തുള്ള ഫാല്‍ക്കണുകളെ പോലും ഇവ ആക്രമിക്കുമെന്നും ചിലപ്പോള്‍ കൊന്നു കളയുമെന്നും പറഞ്ഞു. ഇത് മനസ്സിലാക്കിയപ്പോഴാണ് ഇവിടെ ഒരു ജോലി കിട്ടുമോയെന്ന് അന്വേഷിച്ചതെന്നും സുബൈര്‍ പറഞ്ഞു.
തുടര്‍ന്ന് തന്റെ ജീവിതം പിടിച്ചുനിര്‍ത്താന്‍ അല്‍ഐന്‍ ഡയറി ഫാമിലെ രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം നാട്ടിലെത്തി സ്‌കൂളില്‍ പ്ലസ് ടു അദ്ധ്യാപകനായി ജോലി തുടങ്ങി. ഗവേഷണ മോഹം തന്റെ അധ്യാപകനായിരുന്ന ഫാറൂഖ് കോളേജിലെ ഡോ. ഇ. എ. അബ്ദുല്‍ ഷുക്കൂറിനോട് പറഞ്ഞു. ഫാല്‍ക്കണുകളെ ഇന്ത്യയില്‍ അധികം കാണപ്പെടുന്നില്ല പഠിക്കണമെങ്കില്‍ ഗള്‍ഫ് നാടുകളില്‍ പോകേണ്ടിവരുമെന്നം അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍പോകുമെന്നും വിമാനം വാടകക്കെടുത്ത് ആയാലും പോയി പഠിക്കുമെന്നും ആവേശത്തില്‍ അദ്ദേഹത്തോട് പറഞ്ഞു. ഇന്ത്യയില്‍ എവിടെയൊക്കെ ഫാല്‍ക്കണുകളെ കാണുന്നു എന്നതായി പിന്നീടുള്ള അന്വേഷണം. രാജസ്ഥാനിലെ ജയ്പൂര്‍ ഇന്ത്യ-പാക് അതിര്‍ത്തി ജയ്‌സാല്‍മീര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇവക്ക് ആവാസകേന്ദ്രങ്ങള്‍ ഉണ്ട്. അവിടെയും സുബൈര്‍ പോയി പഠനം നടത്തി. നാഗാലാന്‍ഡിലെ വോഖാ ജില്ലയിലെ പങ്ക്തി വില്ലേജില്‍ അമൂര്‍ ഫാല്‍ക്കണുകളെ ദേശാടനത്തിന് ഇടയില്‍ കാണപ്പെടുന്നു.
ഇവിടെയെല്ലാം പോയി പിന്നീട് സുബൈര്‍ പഠനം നടത്തി. ഇതില്‍ കവിഞ്ഞ് അക്കാലത്ത് ഫാല്‍ക്കണുകളെ കുറിച്ച് കൂടുതല്‍ വിവരം ഒന്നുമില്ല. അങ്ങനെയിരിക്കെയാണ് ഡല്‍ഹി അന്താരാഷ്ര്ട വിമാനത്താവളത്തില്‍ വച്ച് ദുബായിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന ഒരു ഫാല്‍ക്കണെ പിടികൂടി ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ എത്തിച്ചതായി അറിയുന്നത്. സുബൈര്‍ ഉടനെ ഡല്‍ഹി മ്യൂസിയത്തില്‍ എത്തി ഫാല്‍ക്കണെ ജീവിതത്തിലാദ്യമായി നേരിട്ടുകണ്ടു. ഫോട്ടോയെടുത്തു. പിന്നീട് താന്‍ കണ്ട ഈ പക്ഷിയെ വീണ്ടും കാണണമെന്ന് മോഹവുമായി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.
ഈ ആഗ്രഹവുമായി തന്റെ ഔദ്യോഗികജീവിതത്തില്‍ സമയമുണ്ടാക്കി പഠനം തുടര്‍ന്നു. താന്‍ ജോലിചെയ്തിരുന്ന സ്‌കൂളില്‍നിന്ന് അവധിയെടുത്തു കാശ്മീര്‍ ഒഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. എല്ലായിടത്തുനിന്നും ഡാറ്റ ശേഖരിച്ചു. എന്നാല്‍ പഠനം ആധികാരികവും സമഗ്രവും ആകണമെങ്കില്‍ വിദേശങ്ങളില്‍ പോകണമെന്ന് ഉറപ്പായി. തുടര്‍ന്ന് അഞ്ചുവര്‍ഷത്തെ ദീര്‍ഘകാല അവധിയെടുത്ത് സന്ദര്‍ശക വിസയില്‍ ദുബായില്‍ ചെന്നിറങ്ങി. അബുദാബി അല്‍ ഐന്‍ റോഡിലെ അല്‍ഖസനയിലെ ആ പഴയ ഫാല്‍ക്കണ്‍ ആശുപത്രിയിലെത്തി പഠനം തുടര്‍ന്നു. ഈ പക്ഷികളുടെ വ്യത്യസ്ത സ്വഭാവങ്ങളും ഇവര്‍ക്ക് സാധാരണ ഉണ്ടാകുന്ന അസുഖങ്ങളും അവയുടെ ചികിത്സയും നേരിട്ട് പഠിച്ചു മനസ്സിലാക്കി. ഫാല്‍ക്കണുകള്‍ മുട്ടയിട്ട് വളരുന്നതും കൃത്രിമ പ്രജനനവും മറ്റും ആശുപത്രിക്ക് സമീപമുള്ള ഫാല്‍ക്കണുകളുടെ കൃത്രിമ പ്രജനന കേന്ദ്രത്തില്‍ പോയി കണ്ടു പഠിക്കുകയും ചെയ്തു. എട്ട് സന്ദര്‍ശക വിസകളില്‍ ആയി 800 ദിവസത്തോളം യു.എ.ഇ.യിലെ അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, എന്നിവിടങ്ങളിലെ വിവിധ ഫാല്‍ക്കണ്‍ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും പ്രജനന കേന്ദ്രങ്ങളിലും പോയി പഠിച്ചു. തുടര്‍ച്ചയായ ഒമ്പതാമത്തെ തവണ സന്ദര്‍ശന വിസ അപേക്ഷിച്ചപ്പോള്‍ നിരസിക്കപ്പെട്ടു. ഗള്‍ഫിലെത്തി ജോലി തേടിയിരുന്ന കാലത്ത് സുബൈര്‍ യു.എ.ഇ. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂംന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി പരേതനായ അസ്ലം മുഹിയുദ്ദീനുമായുള്ള പരിചയം സുബൈറിനെ പഠനം തുടരാന്‍ ഒരു വിദ്യാര്‍ത്ഥി വിസ എടുക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. അങ്ങനെ വീണ്ടും യു.എ.ഇ. യില്‍ എത്തിയാണ് തന്റെ ആറു വര്‍ഷത്തെ നീണ്ട ഗവേഷണ പഠനം പൂര്‍ത്തിയാക്കുന്നത്. 2004 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഫാല്‍ക്കണുകളുടെ ജീവിത രീതിയും സ്വഭാവവും എന്ന വിഷയത്തില്‍ സുബൈറിന് ഡോക്ടറേറ്റ് ലഭിച്ചു.
ഫാല്‍ക്കണ്‍ എന്ന പക്ഷി പഠനത്തില്‍ മാത്രമൊതുങ്ങുന്നില്ല. അന്തര്‍ ദേശീയ പക്ഷി ഗവേഷണകേന്ദ്രം അഥവാ ഇന്റര്‍ നാഷണല്‍ ഏവിയന്‍ റിസര്‍ച്ച് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് സുബൈര്‍. കാലിക്കറ്റ് സര്‍വകലാശാലയും വയനാട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയും തമ്മില്‍ 2019 ഓഗസ്റ്റില്‍ ഒപ്പുവെച്ച ധാരണ പത്ര പ്രകാരമാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി ഇങ്ങനെ രണ്ട് സര്‍വകലാശാലകള്‍ സംയുക്തമായുള്ള ഒരു അന്തര്‍ദേശീയ പക്ഷി ഗവേഷണകേന്ദ്രം രൂപവല്‍ക്കരിച്ചത്. കോവിഡ് തുടങ്ങി മറ്റു ജന്തുജന്യ പകര്‍ച്ചവ്യാധികളെ കുറിച്ച് പഠനത്തിലാണ് ഇപ്പോള്‍ കേന്ദ്രം.
ഇടയ്ക്ക് യു.എ.ഇ. പ്രസിഡന്റ്‌ന്റെ നിയന്ത്രണത്തിലുള്ള സുപ്രീം പെട്രോളിയം കൗണ്‍സിലില്‍ പരിസ്ഥിതി വിദഗ്ദ്ധനായി ഒന്നരവര്‍ഷത്തോളം ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. യു.എ.ഇ. രാജകുടുംബാംഗത്തിന്റെ ക്ഷണം സ്വീകരിച്ച് മരുഭൂമിയിലെ വിഷപ്പാമ്പുകളെ കുറിച്ച് പഠനം നടത്തി. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പക്ഷികളുടെയും മറ്റു ചെറു മൃഗങ്ങളുടെയും ശല്യം കുറക്കാന്‍ ഫാല്‍ക്കണുകളെ ഉപയോഗിക്കാം എന്ന പദ്ധതി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അറബിയും ഒട്ടകവും മാധവന്‍ നായരും എന്ന സിനിമയിലും മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലും മുഖം കാണിക്കുകയും ചെയ്തു. അഞ്ചു ഭൂഖണ്ഡങ്ങളിലായി മുപ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടെ വിദേശരാജ്യങ്ങളില്‍ എത്തി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു. കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും വര്‍ക്ക് ഷോപ്പുകളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നു.
2019 മേയ് മാസത്തില്‍ ഖത്തറില്‍ ലുസൈല്‍ അതിവേഗപാതയിലെ ഇരട്ടക്കമാനത്തില്‍ യൂറോപ്യന്‍ കെസ്ട്രല്‍ വിഭാഗത്തിലെ ഫാല്‍ക്കണിനെ സുബൈര്‍ കണ്ടെത്തി. 2019 സെപ്റ്റംബര്‍ ആസ്‌ട്രേലിയയില്‍ ചാള്‍സ് സ്റ്റര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ പെരിഗ്രീന്‍ ഫാല്‍ക്കണ്‍ പ്രൊജക്റ്റിന്റെ ഭാഗമായി പ്രഭാഷണം നടത്തി.
നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും വേഷമണിഞ്ഞ് ഫാല്‍ക്കണ്‍ പക്ഷികളുടെ ജീവിതം എന്ന ഇംഗ്ലീഷ്, അറബി, മലയാളം, എന്നീ ഭാഷകളിലുള്ള ഡോക്യുമെന്ററി നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ഡോക്യുമെന്ററി റിലീസ് ചെയ്യാനിരിക്കുകയാണ്.
ഫാല്‍ക്കണുകളെ കുറിച്ച് മൂന്ന് ഭാഷകളില്‍ പുസ്തകം എഴുതി. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കൊട്ടാരത്തില്‍ വെച്ച് 2003ല്‍ ഫാല്‍ക്കണുകളുടെ 15 തരം ശബ്ദം റെക്കോര്‍ഡ് ചെയ്തു. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ എത്തി ഇത് സോണോഗ്രാം ആക്കി. 2003ല്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ യുവശാസ്ത്രഞ്ജനുള്ള ദേശീയ പുരസ്‌കാരം നേടി.

ഡോ. സുബൈര്‍ മേടമ്മല്‍
ഫോണ്‍: 9447513478

Sharing is caring!