ഡിവൈഡറില്‍ തട്ടി ഓട്ടോ മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

ഡിവൈഡറില്‍ തട്ടി ഓട്ടോ മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോ മറിഞ്ഞ് ഓട്ടോക്കടിയില്‍പ്പെട്ട് നാലുവയസ്സുകാരി പെണ്‍കുഞ്ഞ് മരിച്ചു. റോഡിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ഓട്ടോക്കടിയില്‍പ്പെട്ടാണ് ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ കിണറടപ്പന്‍ മുളക്കത്തൊടി മുഹമ്മദ് റാഫിയുടെ മകള്‍ റസ (നാല്) മരിച്ചത്. മുളങ്കാട് അങ്കണവാടി വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച രാത്രി ഏഴര മണിക്ക് മഞ്ചേരി കോര്‍ട്ട് റോഡില്‍ ശ്രീകൃഷ്ണ തിയ്യേറ്ററിന് മുന്‍വശമാണ് അപകടം. മുഹമ്മദ് റാഫിയുടെ മാതാപിതാക്കളായ ഇബ്രാഹിമിനും റംലക്കുമൊപ്പം വെള്ളിലയിലെ സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടം. ഇബ്രാഹിമാണ് ഓട്ടോ ഓടിച്ചിരുന്നത്. മൂവരെയും പരിക്കുകളോടെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും റസ മരണപ്പെടുകയായിരുന്നു. നുസ്‌റത്താണ് മരിച്ച റസയുടെ മാതാവ്. സഹോദരങ്ങള്‍ : മുഹമ്മദ് റബീഅ്, മുഹമ്മദ് റിന്‍ഷാന്‍, പേരിടാത്ത പെണ്‍കുട്ടി. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് ഏറ്റുവാങ്ങി കിണറടപ്പന്‍ ജുമാമസ്ജിദില്‍ ഖബറടക്കി.

Sharing is caring!