തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണം

മലപ്പുറം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോ​ഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ കെ ​ഗോപാലകൃഷ്ണൻ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പരാമര്‍ശം, വ്യക്തിഹത്യ, അടിസ്ഥാന രഹിതമായ ആരോപണം, പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാത്ത വ്യക്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇതിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കും. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടക്കുന്നത്. രാഷ്ട്രീയ ചേരിപ്പോരുകൾക്കും വേദിയാകുന്നത് സാമൂഹ്യ മാധ്യമങ്ങളാണ്. ഇതെല്ലാം മുന്നിൽ കണ്ടാണ് കർശന നിരീക്ഷണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും ഇതിന്റെ ഭാ​ഗമായി നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നുണ്ട്.

Sharing is caring!